മമ്മൂട്ടി സിനിമയുടെ വലിയ പരാജയം തിരിച്ചറിവുണ്ടാക്കി: മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങളുടെ അന്ത്യത്തിന് കാരണമായ സിനിമയെക്കുറിച്ച് ഡെന്നിസ് ജോസഫ്
മലയാളത്തിൽ അച്ചായൻ കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിയോളം മികച്ച ഒരു നടനില്ല. ‘കോട്ടയം കുഞ്ഞച്ചൻ’, മുതൽ ‘നസ്രാണി’ വരെയുള്ള മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങൾ പ്രേക്ഷകരിൽ ഹിറ്റോടെ തരംഗം സൃഷ്ടിച്ചവയാണ്, മമ്മൂട്ടിയുടെ ആദ്യകാല അച്ചായൻ വേഷങ്ങളെല്ലാം തന്നെ ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്നവയാണ്. ‘കോട്ടയം കുഞ്ഞച്ചനും’, ‘കിഴക്കൻ പത്രോസും’, ജോഷിയുടെ സംഘവുമെല്ലാം ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറന്ന സിനിമകളാണ്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന സിനിമയുടെ മഹാവിജയമാണ് അത്തരം കഥാപാത്രങ്ങളെ മറ്റുള്ള സിനിമയിലൂടെ വീണ്ടും ആവർത്തിക്കാൻ കാരണമായതെന്നും ഒരു ഘട്ടത്തിൽ അത് വലിയ മടുപ്പാണ് തന്നിലുണ്ടാക്കിയതെന്നും ഡെന്നിസ് ജോസഫ് തുറന്നു പറയുന്നു..
കോട്ടയം കുഞ്ഞച്ചന് ശേഷം സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ നിർബന്ധത്തിന് വഴങ്ങി താൻ എഴുതിയ സിനിമയായിരുന്നു ‘കിഴക്കൻ പത്രോസ്’ എന്നും എന്നാൽ സിനിമ വലിയ പരാജയമാണ് ഏറ്റുവാങ്ങിയതെന്നും ഡെന്നിസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന സിനിമയുടെ ഹാങ് ഓവറിലായിരുന്നു സംവിധായകൻ ടി എസ് സുരേഷ് ബാബുവെന്നും അത് കൊണ്ട് അതേ ടൈപ്പ് കഥാപാത്രം വീണ്ടും ആവർത്തിക്കാൻ പറഞ്ഞപ്പോൾ വലിയ മടുപ്പ് തോന്നിയെന്നും അതോടെ മമ്മുട്ടിയുടെ അച്ചായൻ കഥാപാത്രങ്ങൾ എഴുതുന്നതിൽ നിന്ന് താൻ സ്വയം പിന്മാറിയെന്നും ഡെന്നിസ് ജോസഫ് മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കി.