വില്ലുകുലച്ച് മല്ലികാര്‍ജ്ജുനന്‍…കായിക താരം, വക്കീൽ കുപ്പായമഴിച്ച് രാഷ്ട്രീയത്തിലേക്ക്, തിരഞ്ഞെടുപ്പിൽ അടിതെറ്റിയത് ഒറ്റത്തവണ,പുതിയ എ.ഐ.സി.സി അധ്യക്ഷനെ അറിയാം
്ന്യൂഡല്‍ഹി: മപ്പണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യയിലെ ഏറ്റവും പ്രായംചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സീതാറാം കേസരിക്ക് ശേഷം 25 വര്‍ഷത്തിനിടെ ഈ പദവിയിലെത്തുന്ന നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ആള്‍. രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കുമൊടുവില്‍ അവിചാരിതമായിട്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള 80-കാരനായ ഖാര്‍ഗെയുടെ കടന്നുവരവ്.
നൈസാമിന്റെ ഭരണത്തിലായിരുന്ന ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ബിദര്‍ ജില്ലയിലുള്ള ഭാല്‍കിയിലെ വരവട്ടി ഗ്രാമത്തിലാണ് ഖാര്‍ഗെ കുടുംബത്തിന്‍റെ ഉറവിടം. ഏഴ് വയസ്സുള്ളപ്പോഴാണ് ഖാര്‍ഗെയും കുടുംബവും സമീപജില്ലയായ ഗുല്‍ബര്‍ഗ എന്ന് അറിയപ്പെട്ടിരുന്ന കല്‍ബുര്‍ഗിയിലേക്ക് താമസം മാറുന്നത്. വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കുടുംബത്തെ പറിച്ചുനടാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സംഘര്‍ഷത്തില്‍ അമ്മയുള്‍പ്പടെ കുടുംബത്തിലെ നിരവധി അംഗങ്ങളെ ഖാര്‍ഗെയ്ക്ക് നഷ്ടമായി. ഈ സംഭവം തന്നെ എക്കാലവും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരായ ശക്തമായ നിലപാടുകളെടുക്കാനും മതനിരപേക്ഷതയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കാനും പ്രേരിപ്പിച്ചതായി അദ്ദേഹം വ്യക്താക്കിയിട്ടുണ്ട്.
ഒരു ശരാശരി വിദ്യാര്‍ഥി ആയിരുന്ന ഖാര്‍ഗെയ്ക്ക് ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തോട് താത്പര്യമുണ്ടായിരുന്നു. കല്‍ബുര്‍ഗിയിലെ കോളേജില്‍ പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥി യൂണിയനുകളില്‍ പ്രവർത്തിച്ച് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സേത് ശങ്കര്‍ലാല്‍ ലഹോത്രി കോളേജില്‍ നിയമപഠനം നടത്തുന്ന കാലത്ത് ഖാര്‍ഗെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് ഒരു സിനിമാ തിയേറ്ററില്‍ ജോലി ചെയ്തുകൊണ്ടായിരുന്നു.
പിന്നീട് അഭിഭാഷക വൃത്തി ആരംഭിച്ചപ്പോള്‍ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട തൊഴില്‍ കേസുകളിലായിരുന്നു അദ്ദേഹം പ്രധാനമായും ഇടപ്പെട്ടിരുന്നത്. പിന്നീട് സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ശിവരാജ് പാട്ടീല്‍, അഭിഭാഷകനായിരുന്ന കാലത്ത് ഖാര്‍ഗെ അദ്ദേഹത്തിനൊപ്പമായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അടിത്തെറ്റിയത് ഒറ്റത്തവണ
നിയമസഭയിലേക്കേും ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാര്‍ഗെ ഒറ്റ തവണ മാത്രമാണ് കയ്പറിഞ്ഞിട്ടുള്ളത്. അത് 2019-ലായിരുന്നു. 1972-ല്‍ ആദ്യമായി മത്സരിച്ചത് മുതല്‍ 2008-വരെ തുടര്‍ച്ചയായി ഒമ്പത് തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു കൂടുതല്‍ തവണയും തിരഞ്ഞെടുക്കപ്പെട്ടത്. ഒരു തവണ ചിതാപുരില്‍ നിന്ന് ജയിച്ചു. 2009-ലും 2014-ലും ഗുല്‍ബര്‍ഗയില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, മുന്‍പ് തന്‍റെ ബൂത്ത് ഏജന്‍റായി പ്രവർത്തിച്ചിരുന്ന ഉമേഷ് ജാദവിനോട് 2019-ല്‍ ഖാർഗെ പരാജയപ്പെട്ടു.
മൂന്ന് തവണ വഴുതിയ മുഖ്യമന്ത്രി പദം
ഒമ്പത് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെയ്ക്ക് ഇതിനിടെ മൂന്ന് തവണയാണ് മുഖ്യമന്ത്രി കസേര വിരല്‍ത്തുമ്പത്ത് നഷ്ടമായത്. ആദ്യം 1999-ല്‍ ഖാര്‍ഗെയെ തഴഞ്ഞ് എസ്.എം.കൃഷ്ണയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. 2004-ലാണ് രണ്ടാമത്തെ അവസരം വന്നത്. കോണ്‍ഗ്രസ് -ജനതാ ദള്‍ സഖ്യത്തിന്റെ സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പദം അടുത്ത സുഹൃത്തായ ധരംസിങിന് വേണ്ടി മാറികൊടുക്കേണ്ടിവന്നു. 2013-ല്‍ മൂന്നാം തവണ സിദ്ധരാമയ്യയ്ക്ക് വേണ്ടിയാണ് ഖാര്‍ഗെ കീഴടങ്ങിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരില്‍ നിരവധി മന്ത്രി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ആയും പ്രവർത്തിച്ചു.
കുടുംബം
മപ്പണ്ണയും സായിബവ്വയുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മാതാപിതാക്കള്‍. രാധാഭായി ആണ് ഭാര്യ. പ്രിയങ്ക് ഖാര്‍ഗെ, രാഹുല്‍ ഖാര്‍ഗെ, മിലിന്ദ് ഖാര്‍ഗെ എന്നിങ്ങനെ മൂന്ന് ആണ്‍ മക്കളും പ്രിയദര്‍ശിനി ഖാര്‍ഗെ, ജയശ്രീ എന്നിങ്ങനെ രണ്ട് പെണ്‍ മക്കളുമുണ്ട്. പ്രിയങ്ക് ഖാര്‍ഗെ നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കര്‍ണാടക മന്ത്രിയുമാണ്. മറ്റു രണ്ട് ആണ്‍ മക്കള്‍ ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മക്കള്‍ക്ക് ഖാര്‍ഗെ പേര് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങള്‍ പറയുന്നു.
അഞ്ച് മക്കളില്‍ ഒരാള്‍ മാത്രമാണ് രാഷ്ട്രീയത്തിലിറങ്ങിയിട്ടുള്ളുവെങ്കിലും മക്കള്‍ രാഷ്ട്രീയ വിമര്‍ശനം ഖാര്‍ഗെ ഏറ്റുവാങ്ങിയിട്ടുണ്ട്. 2008-ല്‍ സംവരണ മണ്ഡലമായ ചിതാപുര്‍ നിമയസഭയിലേക്ക് തിരഞ്ഞൈടുക്കപ്പെട്ട ഖാര്‍ഗെ തൊട്ടടുത്ത വര്‍ഷം ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ഇതോടെ നിയമസഭാ അംഗത്വം രാജിവെച്ച ഖാര്‍ഗെ ചിതാപുരില്‍ മകനെ സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയോട് മകന്‍ പ്രിയങ്ക് ഖാര്‍ഗെ 2009-ലെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണ്ടായി. അതേസമയം, 2013-ലും 2018-ലും നടന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക് ഇവിടെനിന്ന് ജയിച്ചു. സിദ്ധരാമയ്യ സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കാന്‍ ഖാര്‍ദെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.
ബുദ്ധവിശ്വാസി; യുക്തിവാദിയും
സനാതന ധര്‍മ്മത്തിന്റെ നിത്യവിമര്‍ശകനായ ഖാര്‍ഗെ പലപ്പോഴും സംഘപരിവാര്‍-ആര്‍എസ്എസ് സംഘടനകളുടെ കണ്ണിലെ കരടാണ്. താന്‍ അംബേദ്കറേയും ബുദ്ധനേയുമാണ് പിന്തുടരുന്നതെന്ന് ഖാര്‍ഗെ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിതനായതുകൊണ്ട് കോണ്‍ഗ്രസില്‍ തഴയപ്പെട്ടുവെന്ന അഭിപ്രായത്തോട് ഖാര്‍ഗെയ്ക്ക് ഒട്ടുംയോജിപ്പില്ല. തന്റെ പ്രവര്‍ത്തനം മാത്രമാണ് വിലയിരുത്തേണ്ടതെന്നാണ് അദ്ദേഹം ഇതിന് നല്‍കുന്ന മറുപടി.
ബഹുഭാഷാ പണ്ഡിതനും കായിക താരവും
തന്റെ ചെറുപ്പകാലത്ത് കബഡി, ഹോക്കി, ഫുട്‌ബോള്‍ താരമായിരുന്ന ഖാര്‍ഗെ നിരവധി ജില്ലാതല അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഈ കായിക ഇനങ്ങള്‍ക്ക് ക്രിക്കറ്റിനൊപ്പം തന്നെ രാജ്യത്ത് പ്രചാരണം ഉണ്ടാക്കണമെന്ന് അദ്ദേഹം നിരന്തരം വാദിച്ചിട്ടുണ്ട്. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഖാര്‍ഗെ ഒരു ബഹുഭാഷ പണ്ഡിതനായിട്ടാണ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ മറ്റുചില പ്രാദേശിക ഭാഷകളും ഖാര്‍ഗെ നന്നായി സംസാരിക്കും.