ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തക കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല ഒതറ സ്വദേശി റേച്ചല്‍ ജോസഫ് (45) ആണ് മരിച്ചത്. ഡല്‍ഹിയിലെ റോക്ക്‌ലാന്റ് ആശുപത്രിയില്‍ രക്തബാങ്ക് സൂപ്പര്‍ വൈസറായിരുന്നു ഇവര്‍. മൃതദേഹം കൊവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇന്നലെയാണ് റേച്ചലിന് കൊവിഡ് സ്ഥിരീകരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവര്‍ മരിച്ചു. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ഭര്‍ത്താവും മകനുമൊപ്പമായിരുന്നു റേച്ചല്‍ കഴിഞ്ഞിരുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3,54,065 ആയി. 24 മണിക്കൂറിനിടെ 10,974 പേര്‍ക്ക് രോഗം ബാധിക്കുകയും 2,003 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 11,903 ആയി ഉയര്‍ന്നു. നേരത്തെ രേഖപ്പെടുത്താതിരുന്ന മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിനാലാണ് മരണസംഖ്യ ഇത്രെയധികം വര്‍ധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 1,55,227 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,86,935 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,13,445 ആയി. 5,537 പേര്‍ മരിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 48,019 ആയി. 528 മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് 44,688 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,837 പേര്‍ ഇവിടെ മരിച്ചു.