ന്യൂഡല്‍ഹി: വാമന ജയന്തി ആശംസിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പൊങ്കാലയിട്ട് മലയാളികള്‍. ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലാണ് കേജ്രിവാള്‍ വാമന ജയന്തി ആശംസ അറിയിച്ചത്. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. പോസ്റ്റിനു താഴെ മലയാളികളുടെ പൊങ്കാല കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
‘വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ’, എന്നായിരുന്നു കേജ്രിവാളിന്റെ പോസ്റ്റ്. എന്നാല്‍ തങ്ങള്‍ ഓണമാണ് ആഘോഷിക്കുന്നതെന്നായിരുന്നു മലയാളികളുടെ കമന്റ്. മഹാബലിയാണ് തങ്ങളുടെ ഹീറോയെന്നും കമന്റ് വന്നു.
നാലുവര്‍ഷം മുന്‍പ് അമിത് ഷാ പങ്കുവച്ച അതേ ചിത്രമാണ് ഇക്കുറി കേജ്രിവാളും പങ്കുവച്ചിരിക്കുന്നത്. ഓണം വാമനജയന്തിയാണെന്ന സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അമിത്ഷാ അന്ന് വാമനജയന്തി ആശംസിച്ചത്. വാമനജയന്തി പോസ്റ്റിന് അമിത് ഷായും മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയിരുന്നു.