KeralaNews

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിയ്ക്കാൻ കേരളം: കർമ്മ പദ്ധതി ഇങ്ങനെ

തിരുവനന്തപുരം :ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയവരെ നാട്ടിലെത്തിയ്ക്കാനുള്ള കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, ബിസിനസ് ആവശ്യത്തിന് പോയവര്‍, അടുത്ത ബന്ധുക്കളെ കാണാന്‍ പോയവര്‍ എന്നിങ്ങനെ. ഇവരില്‍ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവരുണ്ട്. നേരത്തേ താമസിച്ച ഹോസ്റ്റലുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഇറങ്ങേണ്ടിവന്നവരുണ്ട്. താല്‍ക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരുണ്ട്. അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും. ഇതിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് നോര്‍ക്ക അറിയിക്കും.
തിരിച്ചുകൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍:

1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.

2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.

3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.

4. പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.

5. തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.

6. ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.

7. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.

കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവരുമുണ്ട്. പ്രത്യേകിച്ച് കര്‍ണാടകത്തിലെ കുടകില്‍. നമ്മുടെ നാട്ടുകാര്‍ കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ കൃഷി ചെയ്യുന്നവരുണ്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കൃഷിപ്പണിക്ക് പോയി ധാരാളം പേര്‍ കുടകില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. വളരെ പാവപ്പെട്ടവരാണ് ഇങ്ങനെ ജോലിക്ക് പോകുന്നത്. ധാരാളം ആദിവാസികളുമുണ്ട്. പലര്‍ക്കും ഇപ്പോള്‍ ഭക്ഷണത്തിന് പോലും പ്രയാസമുണ്ട്. കയ്യിലുള്ളതെല്ലാം തീര്‍ന്നു. പണവുമില്ല.  

ഇങ്ങനെ പ്രയാസപ്പെടുന്ന മുഴുവന്‍ പേരെയും ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരും. കര്‍ണാടകത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ പെട്ടുപോയവരെയും തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. തിരിച്ചുവരേണ്ടവര്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.  

അവരെ തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍ കരുതലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം പരിശോധിക്കും. എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കും. പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതലുകളും ഇവരുടെ കാര്യത്തിലും ബാധകമായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker