മലയാളത്തിൻ്റെ ആദ്യ 200 കോടി ചിത്രം; പുതുചരിത്രമെഴുതി ‘മഞ്ഞുമ്മൽ ബോയ്സ്’
കൊച്ചി:മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ചിദംബരം പൊതുവാൾ ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുന്നെയാണ് ആഗോളതലത്തിൽ ചിത്രം 200 കോടി പിന്നിടുന്നത്. ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു. ആഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്.
ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.