മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകള്‍ അടച്ചിടാനും ശുപാര്‍ശയുണ്ട്. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം കളക്ടര്‍ കെ ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
വട്ടകുളം, എടപ്പാള്‍, മാറഞ്ചേരി, ആലംകോട് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. അവശ്യ സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊതുസ്ഥലങ്ങളിലും അണുനശീകരണം നടത്തും. പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ചില വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് മേഖലകളില്‍ നിന്ന് 1000 സാമ്പിളുകള്‍ ശേഖരിച്ച് ഉടന്‍ കൊവിഡ് പരിശോധന നടത്തും. വിവാഹ മരണാനന്തര ചടങ്ങുകളില്‍ 20 ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്.
മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരികയാണ്.