തിരുവനന്തപുരം: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കാനാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സഭയെ അറിയിച്ചു. മലപ്പുറത്തെ വിഭജിക്കുക എന്നത് ശാസ്ത്രീയമല്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു ഖാദറിന്റെ ആവശ്യം. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലീം ലീഗും യുഡിഎഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.