KeralaNews

ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും 10.5 കോടി ചിലവില്‍ 2 ആശുപത്രികളും ഉള്‍പ്പെടെ 4 പുതിയ ആയുഷ് സംയോജിത ആശുപത്രികള്‍ സജ്ജമാക്കും.

വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും.

17 ആയുര്‍വേദ ആശുപത്രികളെ മെഡിക്കല്‍ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുര്‍വേദ, ഹോമിയോപ്പതി ആശുപത്രികളെ എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ്.സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ഗുണഫലങ്ങള്‍ ഉണ്ടാകും.

സ്‌പോര്‍ട്‌സ് ആയുര്‍വേദ പദ്ധതി, ദിന പഞ്ചകര്‍മ പദ്ധതി, വിളര്‍ച്ചാ നിവാരണത്തിനായുള്ള അരുണിമ പദ്ധതി ഉള്‍പ്പെടെ ഒട്ടനേകം പൊതുനാരോഗ്യ പരിപാടികള്‍ വലിയതോതില്‍ വിപുലീകരിക്കും. ഹോമിയോപ്പതിയിലൂടെ പ്രീ ഡയബറ്റീസ് പ്രതിരോധത്തിനായുള്ള പ്രത്യേക പദ്ധതി, സിദ്ധ, യുനാനി തെറാപ്പി കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കും. ആയുഷ് മേഖലക്ക് പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം, നൂതനമായ എല്‍.എം.എസ്. (Learning Management System) എന്നിവ സജ്ജമാക്കും.

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറി സജ്ജമാക്കുന്നതിന്റെ ഭാഗമായി 35 പഞ്ചായത്തുകളിലും 7 മുന്‍സിപ്പാലിറ്റികളിലും ഹോമിയോപ്പതി സേവനം ലഭ്യമാക്കുന്നതിനുള്ള തുകയും ഇതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്.എല്ലാ ജില്ലാ ആയുര്‍വേദ ആശുപത്രികളിലും ജീവിതശൈലീ രോഗ ചികിത്സയ്ക്കായി ഉന്നതതല കേന്ദ്രങ്ങള്‍ സജ്ജമാക്കും.

കോഴിക്കോട് പുറക്കാട്ടീരി കുട്ടികളുടെ സ്പെഷ്യലിറ്റി ആയുര്‍വേദ ആശുപത്രിക്കും ഇടുക്കി പാറേമാവ് ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ ആശുപത്രിക്കും പ്രത്യേക പദ്ധതിയും അനുവദിച്ചിട്ടുണ്ട്.നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയാണ് ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്.

ഇതിലൂടെ കേരളത്തിലെ ആയുവേദവും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകള്‍ മുഖേന കൂടുതല്‍ ശാസ്ത്രീയവും തെളിവടിസ്തിതവുമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. കേരളത്തിലെ ആയുഷ് ചികിത്സാ ശാസ്ത്രങ്ങള്‍ക്ക് പുത്തനുണര്‍വ്വ് കൈവരിക്കാനിത് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker