തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കിൽ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലിയിലായിരുന്നു മാർ ആലഞ്ചേരിയുടെ പരാമർശം.
പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു കർദിനാളിന്റെ പരാമർശം. തന്റെ പ്രസംഗത്തിലുടനീളം ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. ആർച്ച് ബിഷപ്പിന്റെ വൈദിക ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും മുഖ്യമന്ത്രി പ്രസംഗത്തിൽ ഉദ്ധരിച്ചു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് ശേഷം പ്രസംഗിക്കാനായി എത്തിയ ഉടനെയായിരുന്നു കർദിനാളിന്റെ പ്രസ്താവന. ‘ഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു.. അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കിൽ മെത്രാനായിട്ട് തീർച്ചയായും മാറുമായിരുന്നു’ – കർദിനാൾ പറഞ്ഞു. ഇത് പറഞ്ഞ ശേഷമാണ് കർദിനാൾ തന്റെ പ്രസംഗത്തിലേക്ക് കടന്നത്. എന്നാൽ അടുത്ത പരിപാടി ഉള്ളതിനാൽ അപ്പോഴേക്കും മുഖ്യമന്ത്രി സ്റ്റേജ് വിട്ടിരുന്നു