‘ഞാൻ മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിരുന്നു’ വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നായകനായ ‘ജയ് ഗണേഷ്’ എന്ന ചിത്രം ഏപ്രിൽ 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി. ഇപ്പോഴിതാ താൻ നടി മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മാസ്റ്റർപീസ്’ ചിത്രത്തിന് ശേഷമാണ് ബ്ലോക്ക് ചെയ്തതെന്നും അത് ഒരു വലിയ കഥയാണെന്നും ഉണ്ണി പറയുന്നു. ശരിക്കും ബ്ലോക്ക് മാറ്റാൻ മറന്നുപോയതാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിൽ ഉണ്ണിയുടെ നായികയായി മഹിമയാണ് അഭിനയിച്ചത്. ആ സമയത്താണ് നമ്പർ ബ്ലോക്ക് ചെയ്ത കാര്യം തിരിച്ചറിഞ്ഞതെന്നും ഉണ്ണി വ്യക്തമാക്കി. താൻ നേരിടുന്ന ഗോസിപ്പുകളെക്കുറിച്ചു താരം പറയുന്നുണ്ട്.
‘എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുന്നു. ഇപ്പോൾ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനർത്ഥം അനുശ്രീയുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ്,’ തമാശ രൂപത്തിൽ ഉണ്ണി പറഞ്ഞു.
ചില സമയത്ത് ഇത്തരം ഗോസിപ്പുകൾ കേൾക്കുമ്പോൾ ദേഷ്യം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് നടി സ്വാസികയെ വച്ച് ഗോസിപ്പുകൾ വന്നിരുന്നു. അവരുടെ കല്യാണം കഴിഞ്ഞപ്പോൾ അത് നിന്നുവെന്നും താരം പറഞ്ഞു. വിവാഹം കഴിക്കുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് ഇങ്ങനെ സ്ത്രീകളെ വച്ച് ഗോസിപ്പ് ഇറങ്ങുന്ന സാഹചര്യത്തിൽ തനിക്ക് ആര് പെണ്ണ് തരുമെന്നും നടൻ മറുപടിയായി പറയുന്നു.