EntertainmentNews

‘ആ നൃത്തരംഗം ഒഴിവാക്കണം’ വിക്കി കൗശൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം ‘ഛാവ’യ്‌ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രി രംഗത്ത്. ചിത്രത്തില്‍ ഛത്രപതി സംഭാജിയെ അവതരിപ്പിക്കുന്ന വിക്കി കൗശലിന്റെ നൃത്തമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നൃത്തരംഗം ഒഴിവാക്കണമെന്നും ചിത്രം ചരിത്രകാരന്മാരും പണ്ഡിതരും പരിശോധിച്ച ശേഷമേ പുറത്തിറക്കാവൂ എന്നും വ്യവസായ- മറാഠി ഭാഷാമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. രത്‌നഗിരി- സംഗമേശ്വര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായ ഉദയ് സാമന്ത്, നിയമസഭയില്‍ ഏക്‌നാഥ് ഷിന്ദേ ശിവസേനയുടെ ഉപനേതാവാണ്.

‘ചിത്രത്തില്‍ ഛത്രപതി സംഭാജി മഹാരാജ് ഡാന്‍സ് ചെയ്യുന്നതായി കാണിക്കുന്നു. സംവിധായകന്‍ ഈ ഭാഗം ഒഴിവാക്കണം. ചരിത്രകാരന്മാരേയും പണ്ഡിതരേയും ചിത്രം കാണിക്കണം. അവര്‍ എതിര്‍പ്പ് അറിയിച്ചാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല’, എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ ഉദയ് സാമന്തിന്റെ പ്രതികരണം.

ഇതിന് തൊട്ടുമുമ്പ് ചിത്രത്തെക്കുറിച്ച് മന്ത്രി മറ്റൊരു പ്രതികരണം പങ്കുവെച്ചിരുന്നു. ഛത്രപതി സംഭാജിയെക്കുറിച്ച് സിനിമ നിര്‍മിക്കപ്പെടുന്നത് സന്തോഷകരമായിരുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സംഭാജിയുടെ ചരിത്രം ലോകത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം പരിശ്രമങ്ങള്‍ ആവശ്യമാണ്. എന്നാല്‍, ചിത്രത്തില്‍ എതിര്‍ക്കപ്പെടേണ്ട ചില സീനുകള്‍ ഉണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സംഭാജിയുടെ യശസ്സ് കളങ്കപ്പെടുത്തുന്ന ഒന്നുംവെച്ചുപൊറുപ്പിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. ചിത്രം കണ്ടശേഷമായിരിക്കും മറ്റ് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഇതിഹാസ മറാഠ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയായ, സംഭാജി മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.

1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. ഫെബ്രുവരി 14-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നേരത്തെ, ഡിസംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അല്ലു അര്‍ജുന്‍ നായകനായി എത്തിയ പാന്‍ ഇന്ത്യ ചിത്രം പുഷ്പയുടെ രണ്ടാംഭാഗവുമായി ക്ലാഷ് റിലീസ് വേണ്ട എന്ന് നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഫെബ്രുവരി 19-ന് ഛത്രപതി ശിവജി ജയന്തികൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് 14-ലേക്ക് മാറ്റിയതെന്നാണ് പുതിയ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker