മുംബൈ: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ മികവിനെ ലോകം പ്രശംസിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സഹായം തേടി മഹാരാഷ്ട്ര. മുംബൈയിലെ കൊവിഡ് പ്രതിരോധത്തിനായി കേരളത്തില്‍ നിന്ന് പരിചയസമ്പന്നരായ 50 ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും താല്‍ക്കാലികമായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്തയച്ചു. മഹാരാഷ്ട്ര മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി പി ലഹാന്‍ ആണ് കത്ത് അയച്ചത്.
കൊവിഡ് വ്യാപനം അതിസങ്കീര്‍ണമായ മുംബൈയില്‍ ചികിത്സക്കായി തയ്യാറാക്കിയ 600 ബെഡ് ആശുപത്രിയിലേക്കാണ് കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായ മഹാരാഷ്ട്രയില്‍ നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതായും ജനസാന്ദ്രതയേറിയ മുംബൈയിലും പുണൈയിലും കൂടുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും ആവശ്യമുണ്ട് എന്നും കത്തില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ 50,000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് 19 പിടിപെട്ടത്. 33,988 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10ല്‍ ആറ് രോഗികളും മുംബൈ മഹാനഗരത്തിലാണ്. പുണെയാണ് കൊവിഡ് വ്യാപിച്ച മറ്റൊരു നഗരം. ആരോഗ്യപ്രവര്‍ത്തകരെ ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ച വിവരം ഡോ. ടി പി ലഹാനെ സിഎന്‍ബിസി ടിവി18നോട് സ്ഥിരീകരിച്ചു.
എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാസം 80,000 രൂപയും എംഡി/എംഎസ് സ്പെഷ്യലിസ്റ്റുകള്‍ക്ക് രണ്ട് ലക്ഷം രൂപയും നഴ്സുമാര്‍ക്ക് 30,000 രൂപയും പ്രതിമാസം നല്‍കുമെന്നും മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്. ഇവരുടെ താമസവും ഭക്ഷണവും മരുന്നും പിപിഇ കിറ്റ് അടക്കമുള്ള ഉപകരണങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കും.
അതിനിടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് ബാധിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. കൊവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയാണ് അശോക് ചവാന്‍. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം ചവാന് കൊവിഡ് ലഭിച്ചതെന്നാണ് കരുതുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് 3041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ രോഗികളുടെ എണ്ണം 3000 കടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 50231 ആയി. ഇന്ന് 58 പേര്‍ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണ സംഖ്യ 1635 ആയി. മുംബൈയില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു.ഇന്ന് 1196 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 14600ആയി.