കൊച്ചി: സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തുന്ന ഭക്ഷണശാല തല്ലി തകര്‍ത്തു. എസ്ആര്‍എം റോഡിലെ പൊതിയന്‍സ് വനിതാഹോട്ടലാണ് നാല്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തല്ലി തകര്‍ത്തത്. കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ വിദ്യാര്‍ത്ഥികള്‍ എടുത്തുകൊണ്ട് പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.
ആലപ്പുഴക്കാരായ അഞ്ചോളം വനിതാസംരംഭകര്‍ ചേര്‍ന്ന് ആരംഭിച്ച ഭക്ഷണശാലയാണ് തകര്‍ക്കപ്പെട്ടത്. കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ച്, ഹോട്ടലിന് സമീപത്തെ ഹോസ്റ്റിലെ അന്തേവാസികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ വന്ന് ആദ്യം 50 സദ്യ ഓര്‍ഡര്‍ ചെയ്തുവെന്ന് ഹോട്ടലുടമയായ ശ്രീകല പറഞ്ഞു. ഒരു ഇലയ്ക്ക് 90 രൂപ നിരക്കിലാണ് കരാര്‍ ഉറപ്പിച്ചത്. ഹോട്ടലിലെ നിത്യസന്ദര്‍ശകരായ വിദ്യാര്‍ത്ഥികള്‍ ആയതിനാലാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് സദ്യ നല്‍കാമെന്നേറ്റത്.
ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി വിവിധ ഡിപ്പാര്‍ട്ട്മെന്റിലേക്കായി 540 സദ്യ കൂടി ഓര്‍ഡര്‍ ചെയ്തു. ഇത്രയും ഊണ് ഇത്ര ചെറിയ തുകയ്ക്ക് നല്‍കുന്നത് ലാഭകരമല്ലെങ്കിലും വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന് തീരുമാനിച്ചു. ഇതനുസരിച്ച് പന്ത്രണ്ടരയോടെ ഹോട്ടലില്‍ നിന്നും സദ്യ കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ രണ്ടുമണിയോടെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു. കടയുടെ ഗ്ലാസുകളും ബോര്‍ഡുകളും ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം എറിഞ്ഞുതകര്‍ത്തതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കാഷ് കൗണ്ടര്‍ തകര്‍ത്ത് 20,000 രൂപയും എടുത്തുകൊണ്ടുപോയി.
എസ്എഫ്ഐക്കാരാണ്, ഞങ്ങള്‍ എന്തും ചെയ്യും എന്നുപറഞ്ഞായിരുന്നു ആക്രമണമെന്നും ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. ഇതോടെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ, ഹോട്ടല്‍ അസോസിയേഷനുകള്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയിലെത്തി പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ രാത്രി പാത്രങ്ങള്‍ തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ലെന്നും, ഓട്ടോ തൊഴിലാളികളെ ആക്രമിക്കാന്‍ ചെന്നുവെന്നും വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ജീവനക്കാര്‍ പറഞ്ഞു.