ജയ് ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്. മൂന്നുപേര്‍ ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഅ്മിന്‍ പറയുന്നു.
‘മൂന്ന് പേര്‍ എന്റെ അടുത്തേക്ക് വന്ന് എനിക്ക് നേരെ കൈനീട്ടി. ഞാന്‍ അവരെ തിരിച്ചും അഭിവാദനം ചെയ്തു. ശേഷം അവര്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ അള്ളാഹുവിന്റെ കൃപ കൊണ്ട് എല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞു. പെട്ടെന്ന് അവര്‍ അത് ശരിയല്ലെന്നും ജയ് ശ്രീറാം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ അത് നിരസിക്കുകയും നടന്നുപോകുകയും ചെയ്തപ്പോള്‍ എന്നെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ തെറിച്ചുപോയി, നിലത്തുവീണതോടെ ഞാന്‍ അബോധാവസ്ഥയിലായി’- മുഅ്മീനെ ഉദ്ധരിച്ച് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോധരഹിതനായ ഇദ്ദേഹത്തെ വഴി യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് തലയ്ക്കും മുഖത്തിനും കൈയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.