ഭോപ്പാൽ: മധ്യപ്രദേശിലെ (Madhyapradesh) ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സർക്കാർ അധ്യാപകർക്കും ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ്. വിദിഷ നഗരസഭയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതായി ഡിഇഒ എ കെ മോഡ്ഗിൽ പറഞ്ഞു. ” രണ്ടിൽ കൂടുതൽ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അവരുടെ നിയമന കത്തിൽ ഇത്തരമൊരു ചട്ടം പരാമർശിച്ചിട്ടില്ലെന്നാണ് ഏറെപ്പേരും പറഞ്ഞിരിക്കുന്നത്. ബോധപൂർവമല്ല മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയതെന്നും കാരണമായി പറയുന്നു-ഡിഇഒ എ കെ മോഡ്ഗിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
2001 ജനുവരി 26 ന് ശേഷം ഏതെങ്കിലും ജീവനക്കാരന് /കാരിക്ക് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കിൽ ജോലിക്ക് അർഹതയില്ലെന്ന് 2000-ൽ മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ ചട്ടം ജീവനക്കാരെ അധികൃതർ അറിയിച്ചില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 2000-ൽ മധ്യപ്രദേശ് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ, ഏതെങ്കിലും സർക്കാർ ജീവനക്കാരന് 2001 ജനുവരി 26-ന് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ചാൽ ജോലിക്ക് അയോഗ്യരാകുമെന്ന് വ്യക്തമാക്കിയിരുന്നു. 2001 ജനുവരി 26ന് ശേഷമുള്ള എല്ലാ അപ്പോയിന്റ്‌മെന്റ് ലെറ്ററുകളിലും ചട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചട്ടപ്രകാരം നടപടി സ്വീകരിച്ച ജീവനക്കാരുടെ വിവരങ്ങൾ അടുത്തിടെ ഒരു എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അധികൃതർ വിവരങ്ങൾ തേടിയത്.
ചട്ടം ലംഘിച്ച 1,000 അധ്യാപകരും ജീവനക്കാരുമുണ്ടെന്നും ഡിഇഒ പറഞ്ഞു. “ഞങ്ങൾക്ക് ഒരു ഷോകേസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഞങ്ങളുടെ നിയമന കത്തിൽ ചട്ടത്തെക്കുറിച്ച് പരാമർശമില്ലെന്ന് ഞങ്ങൾ അധികാരികളെ അറിയിച്ചിട്ടുണ്ട്. നോട്ടീസിൽ ഞങ്ങൾക്കെല്ലാം ആശങ്കയുണ്ട്. നിയമന കത്തിൽ ചട്ടം പരാമർശിച്ചവർക്കെതിരെ മാത്രമേ നടപടിയെടുക്കൂവെന്ന് ഉറപ്പാക്കണമെന്നും അധ്യാപകനായ മോഹൻ സിംഗ് കുശ്വാഹ പറഞ്ഞു.