കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി കൊച്ചിയില്‍ ഇടിച്ചിറക്കിയപ്പോള്‍ പ്രദേശവാസികളാണ് ആദ്യം രക്ഷിക്കാനോടിയെത്തിയത്. പൈലറ്റടക്കം അഞ്ചു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാന്‍ സഹായിച്ചു. ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവത്തിന് ദൃക്സാക്ഷിയായ പ്രദേശവാസികള്‍ പറയുന്നതിങ്ങനെ:
‘രാവിലെ 8.30 ഓടെയാണ് സംഭവം. മഴയുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്. വേറെ സ്ഥലത്തായിരുന്നെങ്കില്‍ കത്തിപ്പിടിച്ചേനെ. പുള്ളി ചെയ്ത പുണ്യത്തിന്റെ ഫലം കൊണ്ടാണ് ഇങ്ങനെ ആയത്.
പൈലറ്റടക്കം അഞ്ച് പേരുണ്ടായിരുന്നു. സാധാരണ ഗ്രൗണ്ടിലാണ് വന്നിറങ്ങാറുള്ളത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാന്‍ സഹായിച്ചു. ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു’.
ഹെലികോപ്റ്ററില്‍ നിന്ന് യൂസഫലിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ച പ്രദേശവാസി പറയുന്നതിങ്ങനെ:
‘സാറിനെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയെയും ഇറക്കി. യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞു. ഇനി പുള്ളിയല്ല ആരായാലും നമ്മള്‍ രക്ഷിക്കുമല്ലോ. പൈലറ്റ് ഹിന്ദിയോ മറ്റോ ആണ് സംസാരിച്ചത്. ഒന്നും മനസ്സിലായില്ല. പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആര്‍ക്കും വലിയ പരിക്കുകളൊന്നുമില്ല. അതുകൊണ്ടുതന്നെ വലിയ സന്തോഷം’.
ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പിലേക്കാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.