കണ്ണൂര്‍: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയിലെ ഒരുഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ജില്ലാ സമ്മേളനത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഒരുവാര്‍ത്തയും കിട്ടാത്തതിനെത്തുടര്‍ന്നുള്ള വാര്‍ത്താദാരിദ്ര്യത്തില്‍നിന്നുള്ള ആത്മവഞ്ചനാ വാര്‍ത്തയാണിതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. നേരത്തെ, സമ്മേളന നടപടികള്‍ വിശദീകരിക്കവെ, നവീന്‍ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശമാണെന്നത് സത്യമാണെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു.
‘സമ്മേളന നടപടികള്‍ വ്യക്തമാക്കി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി വിശദീകരിക്കുകയുണ്ടായി. അതില്‍ ഒരുകാര്യം അടര്‍ത്തിയെടുത്ത് തെറ്റായ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്’, ജയരാജന്‍ പറഞ്ഞു.
‘എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നിലപാട് നേരത്തെ നിരവധി തവണ വ്യക്തമാക്കിയതാണ്. പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ അവസാനഭാഗത്തെ പരാമര്‍ശം തികച്ചും തെറ്റാണെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്. അതോടൊപ്പം ഞാന്‍ പറഞ്ഞു, പെട്രോള്‍ പമ്പ് ലൈസന്‍സിനുവേണ്ടിയുള്ള അപേക്ഷയിന്മേല്‍ ന്യായമായ തീരുമാനം ലഭ്യമാവുന്നതിനുവേണ്ടി അപേക്ഷകന്‍ കൈക്കൂലി കൊടുത്തുവെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു.
നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ആരോപണം ഉന്നയിക്കുന്നതിന് കാരണമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞിരുന്നു. അതിനേക്കുറിച്ചും അന്വേഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതോടൊപ്പം, എ.ഡി.എം. നവീന്‍ ബാബുവിനെക്കുറിച്ച് അദ്ദേഹം പൊതുവില്‍ കൈക്കൂലിക്കാരനാണെന്ന അഭിപ്രായമില്ലെന്നും ഞാന്‍ പറഞ്ഞു.
ഇതെല്ലാം ചേര്‍ന്നുള്ള കാര്യം പറഞ്ഞിട്ട് ഒരുവാചകം അടര്‍ത്തിയെടുത്ത് അത് താന്താങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ വാര്‍ത്തകള്‍ ചമച്ച് പ്രചരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ നടന്ന കാര്യങ്ങളില്‍ ഒരു വാര്‍ത്തയും കിട്ടാത്തതിനെത്തുടര്‍ന്ന്, വാര്‍ത്താദാരിദ്യത്തെത്തുടര്‍ന്നുള്ള ആത്മവഞ്ചനാ വാര്‍ത്തയാണത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണ് നവീന്‍ബാബുവിന്റെ മരണത്തിനിടയാക്കിയതെന്ന് പറഞ്ഞ ജയരാജന്‍, അതിനാലാണ് അത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. ആ കാഴ്ചപ്പാടാണ് അന്നും ഇന്നുമുള്ളത്. ദിവ്യയുടെ പേരില്‍ എപ്പോഴാണോ ആക്ഷേപം ഉയര്‍ന്നുവന്നത്, അന്നുതന്നെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പി.പി. ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികള്‍ അഭിപ്രായം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി.