കോട്ടയം: കേരളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ താരതമ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഏതു പ്രദേശത്തുള്ള ആളാണ് എന്നു നോക്കിയല്ല ജനങ്ങളെ വിലയിരുത്തേണ്ടതെന്നും കേരളത്തെ വിവിധ ഭാഗങ്ങളാക്കി വേര്‍തിരിക്കാനല്ല, ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതു പ്രദേശത്തുള്ള ആളാണ് എന്ന് നോക്കിയിട്ടല്ല ആളുകളെയും ജനങ്ങളെയും വിലയിരുത്തേണ്ടത്. മലയാളികളുടെ നാടാണ് കേരളമായിത്തീര്‍ന്നത് എന്നാണല്ലോ വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി വേര്‍തിരിക്കാനല്ല നമ്മള്‍ ശ്രമിക്കേണ്ടത്. ഐക്യം രൂപപ്പെടുത്താനാണ് യഥാര്‍ഥത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയും നേതൃത്വവും ശ്രമിക്കേണ്ടത്, എം. ഗോവിന്ദന്‍ വ്യക്തമാക്കി.
രാവണനെ വധിച്ച ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരിച്ചുവരുമ്പോള്‍ തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. എന്നാല്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ ചിന്തിച്ചതില്‍ ലക്ഷ്മണന് കുറ്റബോധമുണ്ടായെന്നും ഇത് മനസ്സിലാക്കിയ രാമന്‍ അത് ലക്ഷ്മണന്റ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞെന്നുമായിരുന്നു വിവാദ പ്രസ്താവന. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായി സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ ചരിത്രബോധമില്ലാതെ ഗീർവാണം നടത്തുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാമായണത്തെക്കുറിച്ചും തെക്കൻ കേരളത്തെക്കുറിച്ചും നടത്തിയത് അങ്ങേയറ്റം അപമാനകരമായ, വളരെയധികം പ്രകോപനപരമായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. സാധാരണ ജനങ്ങളോടും വിശ്വാസസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയക്കാർ മഹാപണ്ഡിതന്മാരല്ല. ഇവിടെ അറിയാത്ത കാര്യങ്ങൾ അനവസരത്തിൽ പറഞ്ഞ് ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തൃശ്ശൂരിന് അപ്പുറത്തുള്ള ജനങ്ങൾ കൊള്ളരുതാത്തവരെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരിക്കുകയാണ്. സുധാകരൻ എന്താണ് തെക്കൻ കേരളത്തിലെ ജനങ്ങളെക്കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അദ്ദേഹത്തിന് ചരിത്രബോധം പൂർണമായും നഷ്ടപ്പെട്ടോ?, സുരേന്ദ്രന്‍ ചോദിച്ചു.
സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. അല്ലെങ്കിൽ രാഹുലിന് കേരളത്തിലെ ഒരു എംപിയാണെന്ന് പറഞ്ഞിരിക്കാനുള്ള യോഗ്യത ഇല്ല. പാലക്കാടുകാരനായ കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് പോയി മത്സരിച്ച് ജയിച്ച പാലക്കാടുകാരനായ ശശി തരൂരും മിണ്ടാതിരിക്കുന്നത് എന്താണ്? കോൺഗ്രസ് അഖിലേന്ത്യാ സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ ഇതിനോട് യോജിക്കുന്നുണ്ടോ? വി.ഡി. സതീശന് ഇക്കാര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സുരേന്ദ്രം ചോദിച്ചു.
കേരളം ഭരിക്കുന്ന പല ആളുകളും മലബാറിൽ നിന്നുള്ളവരാണ്. മുഖ്യമന്ത്രി ആയാലും കെ.പി.സി.സി. പ്രസിഡന്റ് ആയാലും പാർട്ടികളുടെ തലപ്പത്തിരിക്കുന്നവർ ആയാലും മലബാറിൽ നിന്നുള്ളവരാണ്. എങ്ങിനെയാണ് കോൺഗ്രസ് അധ്യക്ഷന് ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നത്. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും സതീശനോടുമൊക്കെയുള്ള കെറുവ് ജനങ്ങളോട് ഒരു കാരണവശാലും വെക്കരുതായിരുന്നു. തിരുവിതാംകൂറിലേയും തെക്കൻ കേരളത്തിലേയും ജനങ്ങളെ പരസ്യമായി അപമാനിച്ചിട്ട് പ്രാദേശിക ഭാഷയാണെന്ന് പറഞ്ഞാൽ തീരില്ല. ധീരതയും സത്യസന്ധതയും ആത്മാർത്ഥതയും മലബാറുകാർക്ക് മാത്രമേ ഉള്ളു എന്ന് പറയുമ്പോൾ തിരുവിതാംകൂറുകാർക്കൊന്നും അതില്ല എന്നല്ലേ അർത്ഥമാക്കുന്നത്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് മലബാറിനെ മുഴുവൻ കീഴടക്കിയപ്പോൾ വൈക്കം പത്മനാഭപിള്ളയാണ് തിരുവിതാംകൂറിലേക്ക് ടിപ്പുവിനെ കടത്തിവിടില്ലെന്ന് പറഞ്ഞ് പ്രതിരോധിച്ചത്. സുധാകരൻ ചരിത്രം പഠിക്കണം. ചരിത്രത്തെക്കുറിച്ച് ഒരു ബോധവുമില്ലാതെയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു ഗീർവാണം നടത്തുന്നത്, കെ സുരേന്ദ്രൻ പറഞ്ഞു.