തിരുവനന്തപുരം: എം ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ പുതിയ സെക്രട്ടറിയെ നിയമിച്ചു. എം മുഹമ്മദ് വൈ സഫറുള്ളയ്ക്കാണ് പുതിയ ചുമതല.
തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണത്തെ തുടര്‍ന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ന് രാവിലെയായിരുന്നു നടപടി. ഇതിന് പിന്നാലെ ശിവശങ്കര്‍ ആറ് മാസത്തെ അവധിക്ക് അപേക്ഷ നല്‍കി. മിര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
സ്വപ്നയുടെ താമസ സ്ഥലത്ത് ഐടി സെക്രട്ടറി പല തവണ എത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സര്‍ക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സ്പ്രിംക്ളര്‍ വിവാദത്തിലും ഐടി സെക്രട്ടറി ആരോപണവിധേയനായിരുന്നു.