തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സ്വകാര്യ ആവശ്യങ്ങൾക്കായി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ശനിയാഴ്ചമുതൽ അവധിയിലേക്ക്. നേരത്തേ അപേക്ഷനൽകിയിരുന്നത് നാലുദിവസത്തേക്കാണെങ്കിലും സെപ്റ്റംബർ 18 മുതൽ വീണ്ടും അവധി നീട്ടിയേക്കുമെന്നാണ് സൂചന. അൻവറിന്റെ ആരോപണവും ആർ.എസ്.എസ്. കൂടിക്കാഴ്ചാവിവാദവും ഉണ്ടാകുന്നതിനുമുൻപുതന്നെ അദ്ദേഹം അവധി അപേക്ഷ നൽകിയിരുന്നു.
ആരോപണങ്ങളുയർന്നപ്പോൾത്തന്നെ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തിൽനിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനായി പോലീസ് മേധാവിയുടെ ഓഫീസിൽനിന്ന് കുറിപ്പും തയ്യാറാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുമായി പോലീസ് മേധാവി നടത്തിയ ചർച്ചയ്ക്കുശേഷമാണ് അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയത്.
അവധിയിൽ പ്രവേശിക്കുന്ന അദ്ദേഹം മടങ്ങിയെത്തുംമുൻപ് പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അൻവറിന്റെ മൊഴി പോലീസ് മേധാവിയുടെ കൈവശമെത്തിയാലുടൻ അത് പരിശോധിച്ച് അന്തിമറിപ്പോർട്ട് തയ്യാറാക്കിയേക്കുമെന്ന സൂചനയുമുണ്ട്. അജിത്കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയേക്കും.