വിലാസം മറച്ചുവച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ കെ.എസ്.യുവിനെ ട്രോളി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ‘ചായകുടിച്ചാല്‍ കാശ് അണ്ണന്‍ തരും;കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും’ എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. Kovid Spreading Union എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.
കഴിഞ്ഞ ദിവസമാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. കെ.എം അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്. അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടത്തിയ കൊവിഡ് പരിശോധനയ്ക്കാണ് എത്തിയത്.
അതേസമയം സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന വിവാദത്തില്‍ അഭിജിത്തിനെതിരെ കേസെടുത്തു. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടില്‍ അഭിജിത്തും ഒപ്പമുളളവരും ഉറച്ചു നില്‍ക്കുകയാണ്.