ഇടുക്കി: അധിക്ഷേപ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദപ്രകടനത്തിൽ പ്രതികരിച്ച് എംഎം മണി. ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട എന്നായിരുന്നു മണിയുടെ പ്രകടനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മണിയുടെ പ്രതികരണം.
മഹിളാ കോൺഗ്രസ് മാര്‍ച്ചില്‍ എംഎം മണിയെ ചിമ്പാൻസിയാക്കി ചിത്രീകരിച്ച് പ്രതിഷേധം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് മാപ്പു പറഞ്ഞിരുന്നു. എന്നാൽ മണിയുടെ രൂപം അതു തന്നെല്ലേ എന്നായിരുന്നു മഹിളാ കോൺഗ്രസിന്റെ മാര്‍ച്ചിന് പിന്തുണച്ചുകൊണ്ട് സുധാകരന്‌റെ പ്രതികരണം. ഈ പരാമർശത്തിലാണ് സുധാകരൻ ഖേദം പ്രകടിപ്പിച്ചത്.
മണിയെ കുറിച്ച് താൻ നടത്തിയ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ നടത്തിയ പ്രതികരണമായിരുന്നെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അധിക്ഷേപ പരാമർശത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചത്.
ഇതിന് മറുപടിയുമായാണ് എംഎം മണി രംഗത്തെത്തിയത്. “ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട കയ്യിൽ വെച്ചേരെ ഇവിടെ നിന്നും തരാനൊട്ടില്ലതാനും” എന്നായിരുന്നു മണിയുടെ പ്രതികരണം. കെകെ രമയ്ക്കെതിരായ എം എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിലായിരുന്നു ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎം മണിയുടെ ഫോട്ടോ ഒട്ടിച്ചത്.