കോഴിക്കോട്: എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് ശശി തരൂരിന്‍റെ പരിപാടി പ്ലാൻ ചെയ്തതെന്ന് എം കെ രാഘവൻ എം പി. യൂത്ത് കോൺഗ്രസ് സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണം. കെപിസിസി അധ്യക്ഷൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും എം കെ രാഘവൻ പറഞ്ഞു.
സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഇന്ന് തന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നല്‍കും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമെന്നും എം കെ രാഘവൻ പറഞ്ഞു. കോഴിക്കോട് നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാറിന് എത്തിയ തരൂരിനെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.
ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയത്. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്‍റെ പിന്മാറ്റം.