‘നീ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും, പക്ഷേ പെണ്‍പിള്ളേരെ കമന്റടിച്ചാല്‍ നിന്നെ ഏഴായിട്ട് ഒടിക്കും’; മോഹന്‍ലാല്‍ അന്ന് പറഞ്ഞതിനെ കുറിച്ച് എം.ജി ശ്രീകുമാര്‍
മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. കോളേജ് കാലഘട്ടത്തിലെ രസകരമായ അനുഭവമാണ് എം.ജി ശ്രീകുമാര്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കോളേജിലെ പെണ്‍കുട്ടിയെ താനാണ് കമന്റടിച്ചത് എന്ന് തെറ്റിദ്ധരിച്ച്, തന്റെ കോളറിന് കുത്തിപ്പിടിച്ച് പറഞ്ഞ ഡയലോഗുകളെ കുറിച്ചാണ് എംജി ശ്രീകുമാര്‍ അഭിമുഖത്തില്‍ പറയുന്നത്.
കലാലയ ജീവിതം ആരംഭിച്ച കാലത്ത് തിരുവനന്തപുരത്ത് ഒരു ഫലപുഷ്പ പ്രദര്‍ശനവും ഗാനമേളയും ഡാന്‍സും ഫാഷന്‍ ഷോയും ഒക്കെ ഉണ്ടായിരുന്നു. മറ്റു കോളജില്‍ നിന്നു വരുന്ന പെണ്‍കുട്ടികളെ കാണാനായി എല്ലാ കോളജിലെയും വിദ്യാര്‍ത്ഥികള്‍ അവിടെ വരും.
പക്ഷേ ഏതെങ്കിലും പെണ്‍കുട്ടിയോട് മറ്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താല്‍ ആ കോളജിലെ ആണ്‍കുട്ടികള്‍ പ്രശ്നമുണ്ടാക്കും. മേള നടക്കുന്നതിനിടയില്‍ എംജി കോളജിലെ ഒരു പെണ്‍കുട്ടിയെ തങ്ങളുടെ ആര്‍ട്സ് കോളജിലെ ഏതോ പയ്യന്‍ കമന്റടിച്ചു. ഇത് ചോദിക്കാന്‍ വന്നത് അന്ന് എംജി കോളജിന്റെ ക്യാപ്റ്റനായിരുന്ന മോഹന്‍ലാലും.
തെറ്റിദ്ധരിച്ച് മോഹന്‍ലാല്‍ ദേഷ്യത്തോടെ തന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചു, ‘നീ ആര്‍ട്സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെണ്‍പിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താല്‍ നിന്നെ ഞാന്‍ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാല്‍ പറഞ്ഞതു പോലെ ചെയ്യും’ എന്ന് പറഞ്ഞു.
മോഹന്‍ലാല്‍ എംജി കോളേജിലെ വലിയ ഗുസ്തിക്കാരനും ആയിരുന്നു. മോഹന്‍ലാല്‍പറഞ്ഞതു പോലെ ചെയ്താല്‍ മെലിഞ്ഞിരിക്കുന്ന താന്‍ ഒടിഞ്ഞു പോകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ തിരിച്ചു പോന്നു. പിന്നീട് കമന്റടിച്ചത് മറ്റാരോ ആണെന്ന് പ്രിയന്‍ ലാലിനോടു പറഞ്ഞതായും എംജി ശ്രീകുമാര്‍ വ്യക്തമാക്കി.