കാഞ്ഞിരമറ്റം: എംഎ യൂസഫലിയുടെ ഇടപെടലില്‍ ആമിനയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ച് വായ്പ തീര്‍ത്തു. പിന്നാലെ ആമിനയുടെ വീട്ടിലെത്തിയ അധികൃതര്‍ 50,000 രൂപയും ബാങ്കില്‍ പണം അടച്ചതിന്റെ രസീതും കൈമാറി.
കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍. 6 വര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹത്തിനായാണ് വീടിരുന്ന 9 സെന്റ് ഈടു വച്ച് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. അടുത്ത കാലം വരെ തങ്ങളുടെ വരുമാനത്തില്‍ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അടവ് മുടങ്ങി.
തിരിച്ചടവു മുടങ്ങി ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ആമിന. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച എംഎ യൂസഫലി എത്തിയതറിഞ്ഞ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് എത്തി.
വീട് സന്ദര്‍ശിച്ച് മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയോട് പറഞ്ഞത്. ആമിന കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടവുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ യൂസഫലി ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കിയിരുന്നു.