കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍; ഒരെണ്ണത്തിന് 36 മണിക്കൂര്‍ ഉന്മാദാവസ്ഥ നല്‍കാനുള്ള ശേഷി
കൊച്ചി: കോടികള്‍ വിലമതിക്കുന്ന രാസലഹരിയായ കാലിഫോര്‍ണിയ 9നുമായി യുവാവ് പിടിയില്‍. ആലുവ കീഴ്മാട് സ്വദേശി ഇടയത്താളില്‍ വീട്ടില്‍ സഫര്‍ സാദിഖി (24) ആണ് പിടിയിലായത്. ഒരു സ്റ്റാമ്പില്‍ 360 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം അടങ്ങിയിട്ടുള്ള ത്രീ ഡോട്ടട് എല്‍.എസ്.ഡി. സ്റ്റാമ്പാണ് ‘കാലിഫോര്‍ണിയ 9’. ഇത്തരത്തില്‍ 25 എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് പ്രതിയില്‍ നിന്നും പിടികൂടിയിരിക്കുന്നത്.
നാര്‍ക്കോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള വിവരശേഖരണ ശൃംഖലയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസര്‍ജിക്ക് ആസിഡ്. നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ ഒരെണ്ണത്തിന് 36 മണിക്കൂര്‍ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുണ്ട്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്പം കൂടിപ്പോയാല്‍ മരണപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.