തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായി വിവിധ കാലാവസ്ഥ ഏജന്‍സികളുടെ മുന്നറിയിപ്പ്. കേരളത്തില്‍ വേനല്‍ മഴ ശക്തമാകും. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് വരെ ആയേക്കാമെന്നാണ് നിഗമനമെങ്കിലും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
തെക്ക് കിഴക്കന്‍ അറബിക്കടലിലും സൊമാലിയ തീരത്തോട് ചേര്‍ന്നുമാണ് ന്യൂനമര്‍ദ സാധ്യതയുള്ളതായി സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ്ബീറ്റ് വെതര്‍ പ്രവചിക്കുന്നത്. ഇവ ശക്തിപ്പെട്ട് ജൂണ്‍ ആദ്യവാരം തന്നെ ചുഴലിക്കാറ്റായേക്കുമെന്നും വിലയിരുത്തലുണ്ട്.
മെയ് 30 മുതല്‍ ജൂണ്‍ 6 വരെയുള്ള തിയതികളില്‍ അറബിക്കടലില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ജാഗ്രത വേണമെന്നും സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദ സാധ്യത. ഇത് കേരളത്തില്‍ നല്ല മഴയ്ക്ക് കാരണമാകും.
നിലവില്‍ ഈ മേഖലയില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഐഎംഡിയുടെ പ്രവചന പ്രകാരം ജൂണ്‍ അഞ്ചിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തേണ്ടത്. ന്യൂനമര്‍ദം മൂലം ഇത് നേരത്തെയാകുവാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ ന്യൂനമര്‍ദം രൂപപ്പെട്ട ശേഷമേ വ്യക്തമാകൂ.