മയാമി: സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റര്‍ മയാമി. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ എഫ്‌സി സിന്‍സിനാറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മയാമി പരാജയപ്പെട്ടത്. അല്‍വാരോ ബാരിയല്‍ നേടിയ ഗോളാണ് സിന്‍സിനാറ്റിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മേജര്‍ ലീഗ് സോക്കറില്‍ പ്ലേ ഓഫ് കാണാതെ ഇന്റര്‍ മയാമി പുറത്തായി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതാണ് ക്ലബ്ബിന് തിരിച്ചടിയായത്.
ഹോം തട്ടകമായ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സി ഇല്ലാത്ത സ്റ്റാര്‍ട്ടിങ് ഇലവനുമായാണ് ഇന്റര്‍ മയാമി ഇറങ്ങിയത്. ആദ്യ നിമിഷങ്ങളില്‍ മികച്ച പ്രകടനം തന്നെയാണ് മയാമി കാഴ്ചവെച്ചത്. മൂന്ന് തവണ മയാമി താരങ്ങളുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ സിന്‍സിനാറ്റി മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി.
മത്സരത്തിന്റെ 55-ാം മിനിറ്റില്‍ പ്രതിരോധ താരം തോമസ് അവില്‍സിനെ മാറ്റി മെസ്സിയെ ഇറക്കി. താരത്തിന്റെ വരവോടുകൂടി മയാമി കൂടുതല്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. മെസ്സിയുടെ രണ്ട് ഫ്രീകിക്കുകള്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ മെസ്സിപ്പടയെ ഞെട്ടിച്ച് സിന്‍സിനാറ്റിയുടെ ഗോള്‍ പിറന്നു. 78-ാം മിനിറ്റിലാണ് അല്‍വാരോ ബാരിയല്‍ മത്സരത്തിലെ വിജയ ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ മത്സരം പൂര്‍ണമായും സിന്‍സിനാറ്റിയുടെ നിയന്ത്രണത്തിലായി. അവസാന നിമിഷങ്ങളില്‍ മെസ്സി സമനില കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി. കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനോട് തോൽവി വഴങ്ങിയ സിറ്റി ഇത്തവണ ആഴ്സണലിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ തോൽവി. മത്സരത്തിൽ ഗോളടിക്കാൻ ശ്രമിക്കാതെ പന്ത് നിയന്ത്രിക്കുന്നതിലാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചത്. ഇത് അവസാന നിമിഷം സിറ്റിക്ക് തിരിച്ചടിയായി. 86-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്സണലിന്റെ ഗോളടിച്ചത്.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ ലിവർപൂളിനെ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾ വിതം നേടി. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാ ഇരട്ട ഗോൾ നേടി. പക്ഷേ ബ്രൈറ്റന്റെ പോരാട്ട മികവ് ലിവർപൂൾ ജയം തട്ടിയകറ്റി. ഇന്ന് നടന്ന മറ്റ് രണ്ട് മത്സരങ്ങൾകൂടി സമനിലയിൽ അവസാനിച്ചു. വെസ്റ്റ് ഹാം – ന്യൂകാസിൽ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. വോൾവ്സ് – ആസ്റ്റൺ വില്ല മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
പോയിന്റ് ടേബിളിൽ ടോട്ടനം ആണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളിൽ ടോട്ടനത്തിന് ആറ് ജയമുണ്ട്. ഇന്നത്തെ ജയത്തോടെ ആഴ്സണൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. സിറ്റി മൂന്നാം സ്ഥാനത്തേയ്ക്കും വീണു. ലിവർപൂളാണ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത്.