അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി കീഴടങ്ങി
തിരുപ്പുര്‍: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു പോലീസില്‍ കീഴടങ്ങിയത്. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. അപകടത്തില്‍ 20 പേരാണു മരിച്ചത്. ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ എറണാകുളം രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.
ലോറി ഡിവൈഡര്‍ തകര്‍ത്തു മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആര്‍ എസ് 784 നമ്പര്‍ ബംഗളുരു-എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുന്‌പോള്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ചില സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയി. മൃതദേഹങ്ങള്‍ അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.