FeaturedKeralaNews

ജ്വല്ലറി തട്ടിപ്പിൽ എംഎൽഎയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, പ്രതികളെ ലീഗ് കൈവിടില്ല

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങൾ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സ്ഥലം പറയുന്നു. അതേസമയം, എം സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയത്.

പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്നാണ് വിവരം. അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യഹർജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും.

ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപമായി കമ്പനിയിലെത്തിയ പണം പ്രതികൾ ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായുള്ള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എംഎൽഎ നടത്തിയതെന്നും ബെംഗളൂരുവിലെ ഭൂമി വിവരങ്ങൾ കമ്പനിയുടെ ആസ്തി രേഖയിൽ ഇല്ലെന്നും ഇതു വഞ്ചനയുടെ പ്രധാന തെളിവാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ചോദ്യം ചെയ്യല്ലിൽ കമറുദ്ദീൻ എംഎൽഎ നൽകിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ സ്ഥാപനത്തിൻ്റെ എംഡിയായ ടി.കെ.പൂക്കോയ തങ്ങൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീൻ പറയുന്നത്.

രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറി കാര്യങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിൻ്റെ ചെയർമാൻ താനാണെങ്കിലും അതെല്ലാം രേഖയിൽ മാത്രമായിരുന്നു എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീൻ്റെ മൊഴിയിലുണ്ട്.

പിന്തുണച്ച് ലീഗ്

അതെ സമയം ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കിൽ അതിൽ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു.

കമറുദ്ദിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാൽ ആണ്. ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ആരോപണങ്ങൾ ഉണ്ടാകും. ആർക്കെതിരെയെന്ന് ഇല്ലാത്തത്?. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങൾ ഇല്ലേ ? അവര്‍ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടായത്. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാൻ വേണ്ടി മാത്രം എടുത്ത നടപടി മാത്രമായേ അറസ്റ്റിനെ കാണാൻ കഴിയു എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

നിക്ഷേപ പദ്ധതിയെക്കുറിച്ച് പാർട്ടി അറിഞ്ഞിരുന്നില്ല. ആളുകൾക്ക് കാശ് കൊടുക്കാനുള്ള കാര്യവും ലീഗിന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സമയത്ത് അറിയില്ലായിരുന്നു. വിദ്യാര്‍ത്ഥി സംഘടനയിലൂടെ വന്ന മികച്ച സംഘാടകനും രാഷ്ട്രീയ നേതാവുമാണ് എംസി കമറുദ്ദീൻ എന്ന കാര്യത്തിൽ സംശയമില്ല. അര ദിവസം ചോദ്യം ചെയ്ത് ഒരു എംഎൽഎ യെ അറസ്റ്റ് ചെയ്ത ജയിലിലടച്ച നടപടി അന്യായം ആണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളത് നിസ്സാരം ആയി കാണില്ല. അത് കൊടുത്ത് തീര്‍ക്കുക തന്നെ വേണം
അക്കാര്യത്തിൽ സംശയമൊന്നും ഇല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker