KeralaNews

കുട്ടികളിലെ കൊവിഡ്‌, ഏഴിലൊരാൾക്ക് ലോംഗ് കൊവിഡിന് സാധ്യത

ന്യൂഡൽഹി:കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗഭീഷണിയിലാണ് രാജ്യം. വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയില്‍ തുടരുന്നതിനാല്‍ രണ്ടാം തരംഗം പോലെ തന്നെ രൂക്ഷമാകുമോ മൂന്നാം തരംഗവുമെന്ന ആശങ്കയും കനക്കുന്നുണ്ട്. ഇതുവരെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തിന് പോലും മുഴുവന്‍ വാക്‌സിന്‍ ലഭ്യമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസുകളും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെയായിരിക്കും ഇത് കാര്യമായി ബാധിക്കുകയെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ മുതിര്‍ന്നവരെ കൊവിഡ് ബാധിക്കുന്ന അത്രയും തീവ്രമായി കുട്ടികളെ (12-17) ബാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എങ്കില്‍പോലും കൊവിഡാനന്തരം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ (ലോംഗ് കൊവിഡ്) കുട്ടികളിലും കാണാമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

‘യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍’ഉം ‘പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്’ ഉം ചേര്‍ന്നാണ് പഠനം നടത്തിയത്. കൊവിഡ് പിടിപെട്ട കുട്ടികളില്‍ ഏഴിലൊരാള്‍ക്ക് എന്ന നിലയില്‍ ലോംഗ് കൊവിഡ് കാണാമെന്നാണ് പഠനം അവകാശപ്പെടുന്നത്. ടെസ്റ്റ് ഫലം പൊസിറ്റീവായി, പതിനഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ഈ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങാമെന്നും പഠനം പറയുന്നു.

പ്രധാനമായും തലവേദന, ക്ഷീണം എന്നീ ആരോഗ്യപ്രശ്‌നങ്ങളാണ് ലോംഗ് കൊവിഡായി കു്ട്ടികളില്‍ കാണപ്പെടുകയത്രേ. കൊവിഡ് ബാധിച്ച മൂവ്വായിരത്തിലധികം കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. എന്തായാലും ഭയപ്പെടേണ്ട അത്രയും തോതില്‍ കുട്ടികളെ കൊവിഡ് കടന്നുപിടിക്കില്ല എന്നുതന്നെയാണ് ഈ പഠനവും ചൂണ്ടിക്കാട്ടുന്നത്. മുമ്പേ വന്ന പഠനങ്ങളും ഇതേ നിഗമനമാണ് പങ്കുവച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker