ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സഭ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചു. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങിയത്.
ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പ്രതിപക്ഷം ജനാധിപത്യപരമായി പെരുമാറണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം രൂക്ഷമായതോടെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ജനങ്ങളുടെ സ്വകാര്യത സര്‍ക്കാര്‍ അപകടത്തിലാക്കിയെന്നും നോട്ടീസില്‍. സിപിഐഎമ്മില്‍ നിന്ന് എളമരം കരീമും വി ശിവദാസനും നോട്ടീസ് നല്‍കിയിട്ടുണ്ട്.