തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക്. ഇന്നും സംസ്ഥാനത്ത് പരിശോധനയും നിരീക്ഷണവും കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ചെക്ക് പോയിന്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.
അതേസമയം ലോക്ക്ഡൗണിൽ അടിയന്തരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകിത്തുടങ്ങി. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. pass.besafe.kerala.gov.in എന്ന സൈറ്റിലാണ് പാസിനായി അപേക്ഷിക്കേണ്ടത്. തൊഴിൽ വകുപ്പിനെ കൂടി അവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവശ്യ സർവീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് പാസിനായി അപേക്ഷിക്കാം. വീട്ടുജോലിക്കാർ, തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഹോംനഴ്‌സുമാർ എന്നിങ്ങനെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ പാസ് ആവശ്യമാണ്. ജില്ല വിട്ടുള്ള അത്യാവശ്യ യാത്രകൾക്കും ഇ-പാസ് വേണം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനു മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ തുടങ്ങിയ അത്യാവശ്യങ്ങൾക്കേ അന്തർ ജില്ലാ യാത്ര അനുവദിക്കൂ.
വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പാസിന്റെ നിലവിലെ അവസ്ഥ അറിയാനും സംവിധാനം ഉണ്ട്. മൊബൈൽ നമ്പരും ജനന തീയതിയും സൈറ്റിൽ അടിച്ചു നൽകിയാൽ ഈ വിവരം ലഭിക്കും. പാസ് ഡൗൺലോഡ് ചെയ്ത് പരിശോധനക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലിൽ തന്നെ കാണിക്കാം.
വാക്‌സിൻ എടുക്കാൻ പോകുന്നവർക്കും വളരെ അത്യാവശ്യത്തിന് വീടിന് തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർക്കും പാസ് വേണ്ട. ഔദ്യോഗിക തിരിച്ചറിയൽ കാർഡുള്ള അവശ്യ സേവന വിഭാഗത്തിലുള്ളവർക്കും പാസ് ആവശ്യമില്ല. സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൊണ്ട് ഇത്തരക്കാർക്ക് യാത്ര ചെയ്യാം.