KeralaNews

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി

തിരുവനന്തപുരം:വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്നപക്ഷം നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനനന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് 50 പേര്‍ക്കാണ്. എന്നാല്‍ വിവാഹത്തിന് മുന്‍പും ശേഷവും ധാരാളം പേര്‍ കല്യാണവീട് സന്ദര്‍ശിക്കുന്നു. മരണ വീടുകളിലും ഇതുപോലെ ധാരാളം പേര്‍ സന്ദര്‍ശനം നടത്തുന്നു. ഇതു ലോക്ക്ഡൗണിന്‍റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

നഗരങ്ങളിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ സഞ്ചരിക്കുന്നത് വൈറസ് പടരാന്‍ കാരണമാകും. ഇത്തരം സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റുകള്‍ സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. വാഹനങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാവൂ. നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.

അറസ്റ്റിലാകുന്നവരെ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ വീഡിയോ പ്ലാറ്റ്ഫോം സജ്ജീകരിക്കുന്നതിനു ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. കോടതി ആവശ്യപ്പെടാതെ ഒരു കാരണവശാലും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കാന്‍ പാടില്ല. പോലീസ് ഉദ്യോഗസ്ഥര്‍ പി പി ഇ കിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പു വരുത്തണം. വ്യാജമദ്യം കടത്തുന്നത് തടയാന്‍ എക്സൈസുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker