KeralaNews

തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നു. അതിതീവ്ര രോഗ ബാധിത മേഖലകള്‍ ഒഴികെയുള്ള നഗരസഭാ പരിധിയില്‍ കടകള്‍ രാവിലെ 7 മുതല്‍ 12 വരെ പ്രവര്‍ത്തിച്ചു. വൈകുന്നേരം 4 മുതല്‍ 6 വരെയും കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെത്തി. ഓട്ടോ ടാക്‌സി ഒഴികെയുള്ള പൊതുഗതാഗതത്തിന് അനുമതിയില്ല. അതേസമയം തലസ്ഥാനത്തെ തീരദേശ മേഖലയില്‍ രോഗ വ്യാപനം കൂടുന്നത് ജില്ലാ ഭരണകൂടത്തിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

തലസ്ഥാനത്ത് ഇന്നലെ നാല്‍പ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കാനാകാതെ കുഴയുകയാണ് ജില്ലാ ഭരണകൂടം. പലര്‍ക്കും യാത്രാ പശ്ചാത്തലമില്ലാത്ത രോഗ വ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ കഴിഞ്ഞ പതിനൊന്ന് ദിവസങ്ങള്‍ക്കിടെ 9 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ ലോക് ഡൗണ്‍ വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പൂന്തുറയില്‍ സമ്പര്‍ക്ക രോഗബാധിതരുണ്ടായിരുന്നില്ല. ആന്റിജന്‍ പരിശോധന രണ്ട് ദിവസം നടന്നിരുന്നില്ല.

എന്നാല്‍, ആന്റിജന്‍ പരിശോധന പുനരാരംഭിച്ചതിനാല്‍ ഇന്ന് കൂടുതല്‍ കേസുകള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് ജില്ലാ ആരോഗ്യ വിഭാഗം വിലയിരുത്തുന്നു. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ചിലര്‍ തീരദേശ പ്രദേശങ്ങളായ പുല്ലുവിള, വള്ളക്കടവ്, ബീമാപള്ളി, ഫോര്‍ട്ട്, കോട്ടപുരം മേഖലകളിലുണ്ട്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത കേസുകളുമുണ്ട്. തീരദേശത്ത് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.

അതേസമയം ലോക്ക് ഡൗണ്‍ നീട്ടിയ തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഇളവുകള്‍ നിലവില്‍ വന്നു. കടകള്‍ രാവിലെ 7 മുതല്‍ 12 വരെ തുറന്ന് പ്രവര്‍ത്തിച്ചു. സാമൂഹിക അകലം പാലിച്ച് ജനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി. സെക്രട്ടറിയേറ്റ് അടക്കമുള്ളസര്‍ക്കാര്‍ ഓഫിസുകള്‍ 50% ജീവനക്കാരോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്ഓട്ടോ- ടാക്‌സികളും സര്‍വീസ് നടത്തുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് അനുമതിയില്ല.ബസ് സര്‍വീസുകള്‍ക്കും അനുമതിയില്ല. അതിതീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളായ പൂന്തുറ, പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker