31.7 C
Kottayam
Thursday, May 2, 2024

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; തീരുമാനം തിങ്കളാഴ്ച

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.

നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. തലസ്ഥാനത്ത് ഉള്‍പ്പെടെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്. അതേസമയം, സഭാസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്ന പ്രതിപക്ഷം നിയമസഭ ഒഴിവാക്കുന്നതിനോട് യോജിച്ചിട്ടില്ല.

സഭാസമ്മേളനം മാറ്റിയതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വി.ഡി.സതീശന്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസും റദ്ദായി. അവിശ്വാസ പ്രമേയ നോട്ടീസില്‍ നിന്നു രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണു നടപടിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു. നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള തീരുമാനത്തെ ഒളിച്ചോട്ടമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു തുടങ്ങിയതോടെയാണ് ബജറ്റ് സമ്മേളനം പാതിവഴിയില്‍ നിര്‍ത്തി സഭ കഴിഞ്ഞ മാര്‍ച്ച് 13നു പിരിഞ്ഞത്. ബജറ്റിന്റെ ഭാഗമായുള്ള ധനബില്‍ പാസാക്കിയിരുന്നില്ല. ജൂലൈ 31നു മുന്‍പ് ധനബില്‍ പാസാക്കണം. കഴിഞ്ഞ 15നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ധനബില്‍ പാസാക്കുന്നതിനായി 27ന് ഏകദിന നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് 1976ല്‍ നിശ്ചയിച്ച നിയമസഭാ സമ്മേളനത്തിന്റെ തീയതി ഒരു മാസത്തോളം നീട്ടുന്നതിനായി അന്നു മന്ത്രിസഭ ചേര്‍ന്നു ശിപാര്‍ശ ചെയ്തിരുന്നു. നിശ്ചയിച്ച നിയമസഭാ സമ്മേളനം ഉപേക്ഷിക്കണമെന്ന ആവശ്യം ഇതുവരെ കേരള നിയമസഭ രൂപീകൃതമായശേഷം ഉയര്‍ന്നിട്ടില്ലെന്നാണു ചരിത്ര രേഖ. കേരള നിയമസഭ രൂപീകൃതമാകുന്നതിനു മുമ്പ് 1936ല്‍ ശ്രീമൂലം പ്രജാസഭയുടെ കാലത്ത് നിശ്ചയിച്ച നിയമസഭാ സമ്മേളനം ഒഴിവാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week