KeralaNews

ലക്ഷദ്വീപില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

കവരത്തി: ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ ഏഴു ദിവസം കൂടി നീട്ടി. നാല് ദീപിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. അഞ്ച് ദ്വീപില്‍ രാത്രി കര്‍ഫ്യൂ നടപ്പിലാക്കും. കവരത്തി, ബിത്രാ, കില്‍ത്താന്‍, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. മിനിക്കോയ്, അമിനി, അഗത്തി, കില്ത്താന്‍, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിലാണ് രാത്രി കര്‍ഫ്യൂ നടപ്പിലാക്കുന്നത്.

അതേസമയം, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കാനും ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം.

അതേസമയം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ യുഡിഎഫ് എംപിമാര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഷെഡ്യൂള്‍ ചെയ്തത് പ്രകാരം നെടുമ്പാശേരി വഴി എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കി ദാമന്‍ ദിയുവില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ കവരത്തിയിലേക്ക് പോയതായാണ് വിമാനത്താവള അധികൃതരെ അറിയിച്ചത്.

ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരടക്കമുള്ള എംപിമാരാണ് പ്രഫുല്‍ ഖോഡ പട്ടേലിനെ കാണാമെന്ന പ്രതീക്ഷയില്‍ നെടുമ്പാശേരിയിലെത്തിയത്. ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ സമീപനം എങ്ങനെ ആണെന്ന് ഇന്നത്തെ സംഭവത്തോടെ വ്യക്തമായെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. ജനാധിപത്യപരമായി ചര്‍ച്ചകള്‍ നടത്താനോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ജനപ്രതിനിധികളോട് കാണിക്കേണ്ട സാമാന്യ മര്യാദയോ അദ്ദേഹം കാണിച്ചില്ല.

പലതവണ യുഡിഎഫ് എംപിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തയച്ചെങ്കിലും മറുപടികള്‍ കിട്ടിയില്ല. അതുകൊണ്ടാണ് നേരിട്ട് കാണാനുള്ള തീരുമാനം എടുത്തത്. വിഷയത്തില്‍ നിയമപരമായി നീങ്ങുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. കേന്ദ്രഗവണ്‍മെന്റിന്റെ നയം നടപ്പിലാക്കാന്‍ ഏകാധിപതിയുടെ സ്വരത്തോടെയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker