തിരുവനന്തപുരം: 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴ് വരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറ് വരെയുമാണ് വോട്ടെടുപ്പ്. 957 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സര രംഗത്തുള്ളത്.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി എന്താണ് കൈയില്‍ കരുതേണ്ടതെന്ന ആശങ്ക ചിലര്‍ക്കുണ്ടാകും. പ്രത്യേകിച്ച് കന്നി വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക്. താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്നാണ് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുമ്പോള്‍ കൈയില്‍ കരുതേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, സംസ്ഥാന/ കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍/ പൊതുമേഖലാല കമ്പനികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക്/ പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല), പാന്‍ കാര്‍ഡ്, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴില്‍ പദ്ധതി ജോബ് കാര്‍ഡ്, കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപി/ എംഎല്‍എ/ എംഎല്‍സി എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്.
40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറ് മണിവരെ മാത്രമാകും വോട്ടെടുപ്പ്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരാണ്.