തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്‍ക്കും പൂട്ടുവീണതോടെ മദ്യത്തിനായി കുടിയന്‍മാര്‍ പരക്കം പായുകയാണ്. ഇതിനിടെ കോടിക്കണക്കിന് രൂപയുടെ മദ്യം അണ്‍ലോഡ് ചെയ്യാനാകാതെ വാഹനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.
ബിവറേജസ് വില്‍പ്പനശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നതിനാല്‍ ഗോഡൗണുകളിലും ഔട്ട് ലറ്റുകളിലും മദ്യവുമായെത്തിയ ലോറികളില്‍ നിന്ന് ചരക്ക് ഇറക്കാന്‍ കഴിയാതെപോയതാണ് പ്രശ്‌നമായത്. നിരോധനാജ്ഞപോലുള്ള നിയന്ത്രണങ്ങള്‍ കടുത്തതോടെ പലയിടത്തും കയറ്റിറക്ക് തൊഴിലാളികളെ കിട്ടാതായി.
ഇതോടെ ലോഡ് ഇറക്കല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഗോഡൗണുകളുടെയും വില്‍പ്പനശാലകളുടെയും പരിസരത്താണ് ലോറികള്‍ കിടക്കുന്നത്. സുരക്ഷിതമായി മദ്യം ഇറക്കിവയ്ക്കണമെങ്കില്‍ തൊഴിലാളികളെയും കാവലിന് ആവശ്യമായ പോലീസിനെയോ എക്‌സൈസിനെയോ വിട്ടുകിട്ടണം.
പോലീസ് പൂര്‍ണതോതില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയതോടെ മദ്യക്കുപ്പിക്ക് കാവല്‍ നില്‍ക്കാന്‍ അവരെ കിട്ടാത്ത സ്ഥിതിയാണ്. പൊതുവേ സേനാബലം കുറവായ എക്‌സൈസിനാകട്ടെ ബാറുകളും വില്‍പ്പനശാലകളും അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവില്‍പ്പന നിരീക്ഷിക്കാനും പിടികൂടാനുമുള്ള ഭാരിച്ച ചുമതലയെ തുടര്‍ന്ന് തിരക്കോട് തിരക്കാണ്.
മദ്യവുമായെത്തിയ ലോറികളുടെ ഡ്രൈവര്‍മാര്‍ സാധനം ഇറക്കി തിരികെപോകാന്‍ ബെവ്‌കോ ജീവനക്കാരെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോറികളില്‍ മദ്യമാണെന്ന് അറിഞ്ഞാല്‍ രാത്രികാലങ്ങളിലും മറ്റും സംഘടിച്ചെത്തി തങ്ങളെ അക്രമിച്ച് കുപ്പികള്‍ കവരുമോയെന്നാണ് ലോറി ജീവനക്കാരുടെ ഭയം.
സംസ്ഥാനത്തെ 23 ഓളം ഗോഡൗണുകളിലായി 70 ഓളം ലോറികളാണ് മദ്യവുമായിപെട്ടിരിക്കുന്നത്. രാത്രിയില്‍ എക്‌സൈസ് ജീവനക്കാരുടെ കാവലില്‍ മദ്യം ഇറക്കിവച്ച് പ്രശ്‌നം പരിഹരിക്കാന്‍ എക്‌സൈസ് – ബെവ്‌കോ ജീവനക്കാര്‍ തമ്മില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ ഇവിടങ്ങളില്‍ നിരീക്ഷണം നടത്താന്‍ എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് വാഹനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.