KeralaNews

മദ്യപാനം: 500 കോടി ക്ലബില്‍ മലയാളി,10 ദിവസം കുടിച്ച കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ഡിസംബർ 22 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ കേരളത്തില്‍ ബെവ്കോ വിറ്റഴിച്ചത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേതിനെക്കാൾ 27 കോടിയോളം അധികം മദ്യം ഇത്തവണ ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്കിടെ വിറ്റഴിച്ചു. 2022ൽ ഇതേ കാലയളവിൽ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. 22 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ കച്ചവടത്തെയാണ് ബെവ്കോ ക്രിസ്മസ്-പുതുവൽസര കച്ചവടമായി കാണുന്നത്.

ഡിസംബർ 31ന് മാത്രം 94.54 കോടി രൂപയുടെ മദ്യം മലയാളികൾ ബെവ്കോയിൽ നിന്ന് വാങ്ങിക്കുടിച്ചു. പുതുവത്സരത്തലേന്നത്തെ കച്ചവടത്തിലും ഇത്തവണ റെക്കോർഡ് ഭേദിച്ചു. ഒരു കോടിയിലധികം രൂപയുടെ കച്ചവടം ഇത്തവണ കൂടുതലായി നടന്നു.

കഴിഞ്ഞവർഷം പുതുവർഷത്തലേന്ന് 93.33 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബർ 31ന് ഏറ്റവും കൂടുതൽ മദ്യം വിറ്റ ഔട്‌ലെറ്റ് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റാണ്. 1.02 കോടി രൂപയുടെ മദ്യം ഇവിടെ വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് പിന്നാലെ വരുന്നവർ.

ഡിസംബർ 30നും വൻതോതിൽ വിൽപ്പനയുണ്ടായി. 61.91 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റഴിച്ചത്. 2022 ഡിസംബർ 30ന് 55.04 കോടി രൂപയുടെ മദ്യമേ വിറ്റിരുന്നുള്ളൂ.

ക്രിസ്മസ് തലേന്നും വൻ കച്ചവടമാണ് നടന്നത്. 70.73 കോടി രൂപയുടെ മദ്യവിൽപ്പനയാണ് സംസ്ഥാനത്തുണ്ടായത്. ഡിസംബര്‍ 22, 23 ദിവസങ്ങളിലും കച്ചവടം തകർത്തു, 84.04 കോടി രൂപയുടെ കച്ചവടമുണ്ടായി.ആകെ ലഭിച്ച തുകയുടെ 90 ശതമാനവും നികുതിയായി സംസ്ഥാന ഖജനാവിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button