മദ്യം മനുഷ്യന്റെ ശത്രുവാണെന്നാണ് പറയാറുള്ളതെങ്കിൽ കൂടി ആദിമകാലം മുതൽ തന്നെ മനുഷ്യന്റെ പങ്കാളിയായി, കൂട്ടാളിയായി മദ്യം എന്നും മനുഷ്യനൊപ്പം ഉണ്ടായിരുന്നു. ആരോഗ്യത്തിനു ഹാനികരം എന്ന് പറയുമെങ്കിലും, ഉപേക്ഷിക്കാൻ പറ്റാത്തവിധം മനുഷ്യ ജീവിതത്തിൽ സുപ്രധാനമായ ഒരു സ്ഥാനം മദ്യം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു ന്യുറോ സർജൻ മദ്യംമനുഷ്യ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് വിശദമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നു.
ശരീരത്തിലെത്തുന്ന ആൽക്കഹോൾ വിഘടിക്കുന്നത് എങ്ങനെയെന്ന വിശദാംശവും അദ്ദേഹം നൽകുന്നുണ്ട്. ഈ അറിവ് ഒരുപക്ഷെ നിങ്ങളുടെ ജീവനെ രക്ഷിക്കാൻ സഹായിച്ചേക്കും. 15.9 മില്യൺ ആളുകൾ കണ്ട ഒരു ടിക്ടോക് വീഡിയോയിലൂടെയാണ് ഓഹിയോയിൽ ഉള്ള ഡോ. ബ്രിയാൻ ഹീഫ്ളിംഗർ ശരീരത്തിലെ അൽക്കഹോളിന്റെ പ്രവർത്തനം വിശദീകരിക്കുന്നത്.
ഏകദേശം ഇരുപത് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള ഡോക്ടർ വെള്ളം നിറച്ച കൊച്ചു ഗ്ലാസ്സുകൾ തന്റെ കൗണ്ടറിൽ നിരത്തി വച്ചു. വലിയ രീതിയിൽ തന്നെയുള്ള മദ്യപാനം നടക്കുന്നു എന്ന പ്രതീതി വരുത്താനായിരുന്നു ഇത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി അതിൽ നിന്നും അഞ്ചുഗ്ലാസ്സുകൾ എടുത്തുകൊണ്ട് അദ്ദേഹം സംസാരം ആരംഭിക്കുന്നു.
” ആദ്യ മണിക്കൂറിൽ നിങ്ങൾ അഞ്ച് പെഗ് മദ്യം കഴിക്കുകയാണെന്ന് വിചാരിക്കുക, മദ്യം ശരീരത്തിൽ പ്രവേശിച്ച് അഞ്ച് മിനിറ്റിനകം അത് തലച്ചോറിലെത്തും, അത് നിങ്ങളെ ബാധിക്കാൻ തുടങ്ങും.
എന്നാൽ, ഇവിടെ അധിക ദുരിതം അനുഭവിക്കുന്നത് നിങ്ങളുടെ കരളായിരിക്കും. കരളിന് ഒരു മണിക്കൂറിൽ ഒരു ഔൺസ് ആൽക്കഹോൾ സംസ്‌കരണം ചെയ്യുവാനുള്ള കഴിവ് മാത്രമേയുള്ളു. 58 കാരനായ ഡോക്ടറുടെ കൗമാരക്കാരനായ മകൻ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞിരുന്നു. അപ്പോൾ മുതൽ തന്നെ അദ്ദേഹം മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അവബോധം ഉണർത്താനുള്ള ശ്രമത്തിലാണ്.
ഒരു കരളിന് ഒരു മണിക്കൂറിൽ ഒരു ഔൺസ് ആൽക്കഹോൾ സംസ്‌കരണം ചെയ്യുവാനുള്ള കഴിവേയുള്ളു. എന്നാൽ, ഒരു സാധാരണഡ്രിങ്ക് എന്ന് പറഞ്ഞാൽ 12 ഔൺസ് ബിയർ, അല്ലെങ്കിൽ 5 ഔൺസ് വൈൻ അതല്ലെങ്കിൽ 1.5 ഔൺസിന്റെ മദ്യം എന്നിവയായിരിക്കും. മണിക്കൂറിൽ അഞ്ച് പെഗ്ഗ് കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എത്തുന്നത് അഞ്ച് ഔൺസ് ആൽക്കഹോൾ ആയിരിക്കും. അതിൽ ഒരു ഔൺസിനെ സംസ്‌കരിക്കാൻ കരളിനു കഴിയും. ബാക്കിയുള്ളത് മുഴുവൻ രക്തത്തിൽ കലരും.
പാർട്ടിയിൽ പങ്കെടുക്കുന്നതു പോലെ ഡോക്ടർ മൂന്ന് ഗ്ലാസ്സ് വെള്ളം കൂടി കുടിക്കുന്നു. പിന്നീട് പാർട്ടി അവസാനിക്കുമ്പോൾ മറ്റൊന്നു കൂടി. പിന്നീട് അദ്ദേഹം പറയുന്നതാണ് ശ്രദ്ധിച്ചു കേൾക്കേണ്ടത്. മൂന്ന് മണിക്കൂർ കൊണ്ട് അദ്ദേഹത്തിന്റെ അകത്ത് പ്രവേശിച്ചിരിക്കുന്നത് ഒൻപത് ഔൺസ് ആൽക്കഹോൾ ആണ്. ഈ സമയം കൊണ്ട് കരൾ സംസ്‌കരിക്കുന്നത് വെറും മൂന്ന് ഔൺസ് മാത്രം. ഇനിയും ആറു മണിക്കൂർ കഴിഞ്ഞാൽ മാത്രമെ രക്തത്തിൽ നിന്നും ആൽക്കഹോളിന്റെ സാന്നിദ്ധ്യം പൂർണ്ണമായും മാറുകയുള്ളു. മദ്യപിച്ച്, രണ്ട് മൂന്ന് മണിക്കൂർ കഴിയുമ്പോൾ എല്ലാം ശരിയായി എന്നും പറഞ്ഞ വാഹനവുമെടുത്ത് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതാണ്.