ഇന്ത്യയിലെ യുവാക്കളിലെ മദ്യപാന ശീലം സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: ഇന്നത്തെ യുവതലമുറയില്‍ മദ്യപാനശീലവും ലഹരി ഉപയോഗങ്ങളും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്നാലെ സ്ത്രീകളിലേക്കും മദ്യപാനശീലം വ്യാപിച്ചു വരുന്നുവെന്നതാണ് മറ്റൊരു വസ്തുത. പലപ്പോഴും മദ്യാസക്തിക്ക് വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമായി വരാം. എന്നാല്‍, ഇന്ത്യന്‍ യുവാക്കളിലെ മദ്യപാനശീലം സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കളില്‍ 75 ശതമാനത്തോളം പേരും 21 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് മദ്യപാന ശീലം തുടങ്ങുന്നവരാണെന്നാണ് സര്‍വേ. സൗത്ത് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.
മുംബൈ, പൂനൈ, ഡല്‍ഹി, കൊല്‍ക്കത്ത, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 16 നും 21 നും ഇടയിലുള്ള 1000 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേഫലം മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സൂപ്രണ്ടായ എസിപി ഭൂമേഷ് അഗര്‍വാളിന് സമര്‍പ്പിച്ചു. ഇവരില്‍ 75 ശതമാനം പേരും 21 വയസ് പ്രായമാകും മുന്‍പ് തന്നെ മദ്യപാനം ആരംഭിച്ചവരാണെന്ന് സര്‍വ്വേയിലെ കണ്ടെത്തല്‍. ഇതില്‍ ഉള്‍പ്പെട്ട 47 ശതമാനം പേരും 21 വയസിന് മുന്‍പ് തന്നെ പുകവലിയും ആരംഭിച്ചവരാണ്. 30 ശതമാനം പേര്‍ ഹുക്കയും 20 ശതമാനം പേര്‍ മയക്കുമരുന്നും പരീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ 17 പേര്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചപ്പോള്‍ 83 ശതമാനം പേര്‍ക്കും ഇതിന് ആരെ സമീപിക്കണം എന്ന് വ്യക്തതയില്ലായിരുന്നുവെന്നും സര്‍വ്വേ കണ്ടെത്തി.