ബെവ്കോ നിരക്കില്‍ മദ്യം വില്‍ക്കാനാവില്ല; നിസഹകരണവുമായി ബാറുടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ വഴിയുള്ള പാഴ്‌സല്‍ മദ്യവില്പനയില്‍ നിസഹകരണവുമായി ചില ബാറുടമകള്‍. ബെവ്കോ നിരക്കില്‍ വില്‍ക്കാനാവില്ലെന്നാണ് ബാറുടമകളുടെ വാദം. ഇതോടെ വിര്‍ച്വല്‍ ക്യൂവിനായുള്ള മൊബൈല്‍ ആപ്പ് വൈകുമെന്നാണ് സൂചന. അതേ സമയം, ബാറുകളുടെ വിവരം കൂടി ലഭിച്ചാല്‍ നാല് ദിവസത്തിനകം ആപ് തയാറാകുമെന്നാണ് ഫെയര്‍കോഡ് കമ്പനിയില്‍ നിന്നുള്ള വിവരം.
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുമ്പോള്‍ ബാറുകള്‍ വഴിയുള്ള പാര്‍സല്‍ മദ്യവില്പനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍, ബാറുകളിലും ബെവ്കോ നിരക്കില്‍ മദ്യം വില്‍ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഈ നിലപാടിനോടാണ് ഒരു വിഭാഗം ബാറുടമകള്‍ക്കു എതിര്‍പ്പുള്ളത്.
ബെവ്കോ നിരക്കിലുള്ള ബാറുകളിലെ മദ്യവില്‍പ്പന ലാഭകരമല്ലെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിര്‍ച്വല്‍ ക്യൂ ആപ്പ് തയാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബെവ്കോ പാര്‍സല്‍ വില്‍പനയ്ക്ക് താല്‍പര്യമുള്ള ബാറുകളോട് സമ്മതപത്രം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഒരു വിഭാഗം ബാറുടമകള്‍ സമ്മതപത്രം നല്‍കാന്‍ വിസമ്മതിക്കുന്നതാണ് ആപ്പ് വൈകാന്‍ കാരണം. ആപ്പ് തയാറാക്കുന്ന ഫെയര്‍കോഡ് കമ്പനി സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലൈറ്റുകളുടെ പൂര്‍ണവിവരം ശേഖരിച്ചിട്ടുണ്ട്. ബാറുകളുടെ വിവരം കൂടി ലഭിച്ചാല്‍ ഈ മാസം 21 നു മുന്‍പ് ആപ് തയ്യാറാകുമെന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കൂടാതെ എസ്എംഎസ് വഴിയും ക്യൂ അറിയിപ്പ് ലഭിക്കുന്ന സൗകര്യവുമുണ്ടാകും. ആപ്പ് തയാറായാല്‍ എത്രയും വേഗം ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.