ലയണൽ മെസ്സിയെ അർജന്റീനയുടെ പ്രസിഡന്റാക്കണം: ആവശ്യവുമായി ആരാധകർ
ബ്യൂണസ് ഐറീസ്:ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് അവരുടെ യശസ്സ് വാനോളം ഉയർത്തിയ താരമാണ് ലയണൽ മെസ്സി. മെസ്സിയുടെ നായകത്വത്തിലാണ് അർജന്റീന ദീർഘകാലത്തിനുശേഷം വേൾഡ് കപ്പ് കിരീടം നേടിയിരിക്കുന്നത്. വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സിക്ക് വലിയ രൂപത്തിലുള്ള വരവേൽപ്പുകളാണ് ആരാധകരിൽ നിന്നും അർജന്റീനയിൽ ലഭിച്ചിരുന്നത്.
ലയണൽ മെസ്സി തന്നെയാണ് അർജന്റീനയിൽ എങ്ങും സംസാരവിഷയം. സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്.ജിയാകോബെ എന്ന റിസർച്ച് ഫേം ഇതുമായി ബന്ധപ്പെട്ട ഒരു സർവ്വേ ആരാധകർക്കിടയിൽ നടത്തിയിരുന്നു. ലയണൽ മെസ്സി അർജന്റീനയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നാൽ നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യുമോ എന്നായിരുന്നു ചോദ്യം.വോട്ട് രേഖപ്പെടുത്തിയ ആരാധകരിൽ ഭൂരിഭാഗം പേരും ലയണൽ മെസ്സിയെ പ്രസിഡന്റാക്കണം എന്ന അഭിപ്രായത്തോടാണ് യോജിച്ചിരിക്കുന്നത്.
44 ശതമാനം അർജന്റീന ആരാധകരാണ് ഈ വിഷയത്തിൽ ലയണൽ മെസ്സിയെ പിന്തുണച്ചിട്ടുള്ളത്. അതേസമയം 38% ആളുകൾ ലയണൽ മെസ്സി പ്രസിഡന്റ് ആവാൻ ആഗ്രഹിക്കുന്നില്ല എന്ന അഭിപ്രായം പങ്കുവെച്ചു. ചിലപ്പോൾ എന്ന അഭിപ്രായവുമായി 18% ആളുകളാണ് ഉണ്ടായിട്ടുള്ളത്. ചുരുക്കത്തിൽ ലയണൽ മെസ്സി അർജന്റീനയുടെ പ്രസിഡന്റ് ആവാൻ പോലും ആരാധകർ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളതാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ആരാധകരുടെ മെസ്സിയോടുള്ള സ്നേഹം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരമായി കൊണ്ടാണ് ലയണൽ മെസ്സിയെ ഇപ്പോൾ പലരും വാഴ്ത്തുന്നത്. ഏതായാലും ഫുട്ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാം തന്നെ തന്റെ 35ആം വയസ്സിനുള്ളിൽ ലയണൽ മെസ്സി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.