നടനോടൊപ്പം ഒളിച്ചോടി, അഭയം നൽകിയത് എംജിആർ, ജ്യോത്സ്യന്റെ പ്രവചനത്തെ പേടിച്ച് വേർപിരിഞ്ഞു
![](https://breakingkerala.com/wp-content/uploads/2025/02/nalini-ramrajan.jpg)
ചെന്നൈ: എണ്‍പതുകളില്‍ തെന്നിന്യന്‍ സിനിമയിലെ തിരക്കുള്ള നടികളില്‍ ഒരാളായിരുന്നു നളിനി. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ അഭിനയിച്ച നടി. ഇപ്പോള്‍ സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും സജീവമാണ് നളിനി. നല്ലൊരു നര്‍ത്തകി കൂടിയായ നളിനി സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് നടന്‍ രാമരാജനുമായി പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹിതരായി. എന്നാല്‍ 12 വര്‍ഷത്തെ ആയുസ് മാത്രമേ ഈ ദാമ്പത്യ ജീവതത്തിനുണ്ടായിരുന്നുള്ളു.
ഇപ്പോഴിതാ നളിനിയും രാമരാജനും തമ്മിലുള്ള പ്രണയത്തെ കുറിച്ചും ഇരുവരും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇരുവരുടേയും ജീവിതത്തിലെ വിചിത്രമായ സംഭവത്തെ കുറിച്ച് ആലപ്പി അഷ്‌റഫ് പറഞ്ഞത്.
‘നളിനിയും രാമരാജനും തമ്മിലുള്ള പ്രണയം നളിനിയുടെ അമ്മയും ആങ്ങളമാരും എതിര്‍ത്തിരുന്നു. അവര്‍ക്ക് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ രാമരാജന് നളിനിയെ കൂടാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. രാമരാജന്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തി നളിനിയുടെ മനസ് മാറ്റിയെടുത്തതാണെന്നും അന്ന് സംസാരമുണ്ടായിരുന്നു.
അന്ന് രാമരാജനും അത്യാവശ്യം തിരക്കുള്ള നടനായിരുന്നു. സാധാരണ കുടുംബത്തില്‍നിന്ന് വന്ന് സിനിമയില്‍ വിജയം നേടിയ നടനായിരുന്നു അദ്ദേഹം. ഈ പ്രണയം കാരണം നളിനിയുടെ അഭിനയജീവിതം അവസാനിക്കുമോ എന്ന് വരെ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.
ഈ ബന്ധത്തെ പ്രതിരോധിക്കാനായി ഷൂട്ടിങ്ങിന് പോകുമ്പോള്‍ കുടുംബത്തിലെ ചിലരെ ബോഡിഗാര്‍ഡായി ഒപ്പം അയയ്ക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം നളിനി രാമരാജനൊപ്പം ഒളിച്ചോടിപ്പോയി. എം.ജി.ആറിന്റെ അടുത്തായിരുന്നു അവര്‍ അഭയം തേടിയത്. അവരുടെ വിവാഹവും നടന്നു.
പില്‍ക്കാലത്ത് രാമരാജനെ ജയലളിത എം.പിയാക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യം 12 വര്‍ഷമേ നിലനിന്നുള്ളു. അതിനിടയില്‍ അവര്‍ക്ക് രണ്ട് കുട്ടികളുമുണ്ടായി. അവര്‍ തമ്മില്‍ വേര്‍പിരിയാന്‍ കാരണം സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്.
സാധാരണ വേര്‍പിരിയലുകള്‍ക്ക് കാരണം അവിഹിത ബന്ധം, പെരുമാറ്റദൂഷ്യം, മദ്യപാനം, സംശയം, സ്ത്രീധനം തുടങ്ങിയവ ഒക്കെയാവാം. എന്നാല്‍ ഇവരെ സംബന്ധിച്ച് അതൊന്നുമായിരുന്നില്ല. ഇവര്‍ വേര്‍പിരിയാനുള്ള കാരണം ഒരു ജ്യോത്സ്യന്റെ പ്രവചനമാണ്.
ഈ രണ്ട് കുട്ടികള്‍ പിതാവിനൊപ്പം ജീവിച്ചാല്‍ പിതാവിനോ കുട്ടികള്‍ക്കോ ജീവനാശം വരെ സംഭവിച്ചേക്കാം എന്നാണ് ജ്യോത്സ്യന്‍ പറഞ്ഞത്. അഭിനയത്തില്‍ വരുന്നതിന് മുമ്പ് തന്നെ രാമരാജന്റെ ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവത്രേ, നിങ്ങള്‍ അഭിനയം തിരഞ്ഞെടുത്താല്‍ സര്‍വനാശം ഉണ്ടാകുമെന്ന്. ഈയിടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വേര്‍പിരിഞ്ഞ് 25 വര്‍ഷം കഴിഞ്ഞിട്ടും രണ്ട് പേരും ഇപ്പോഴും അവിവാഹിതരായി തുടരുന്നു. ഇപ്പോഴും രാമരാജനെ പ്രണയിക്കുന്നുണ്ടെന്ന് നളിനി മാധ്യമങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.’-ആലപ്പി അഷ്‌റഫ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നു.