കൊച്ചി: ലൈഫ് മിഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രണ്ടിടത്ത് റെയ്ഡ് നടക്കുന്നു. തൃശൂരിലും എറണാകുളത്തുമാണ് സിബിഐ പരിശോധന. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം.
സ്വർണക്കടത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വൻ പ്രതിരോധത്തിലാക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസിൽ നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്.