ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി എട്ടാംക്ലാസ് ജയിയ്ക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഇനി ലൈസന്‍സ് ലഭിയ്ക്കുന്നതിനായി ഈ കടമ്പ കടക്കേണ്ടതില്ല.
ഹരിയാനയിലെ മേവാട്ടില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നേടാന്‍ കഴിയാത്ത നൂറുകണക്കിനാളുകളുടെ യുവാക്കളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഹരിയാന സര്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രം വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് തയ്യാറായത്.
വിദ്യാഭ്യാസ യോഗ്യത എടുത്തുമാറ്റിയതോടെ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.വാഹനമോടിക്കുന്നയാള്‍ക്ക് ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിജ്ഞാനം ഉണ്ടെന്ന ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിയ്ക്കുന്നു.
വിവിധ മേഖലകളിലായി 22 ലക്ഷത്തിലധികം ഡ്രൈവര്‍മാരുടെ കുറവുള്ളതായാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.പുതിയ തീരുമാനത്തിലൂടെ രാജ്യത്ത് ആവശ്യമായ ഡ്രൈവര്‍മാരുടെ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.