‘രശ്മികയെ പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ’ നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്; വിവാദമൊഴിയുന്നില്ല

ബംഗളുരു: തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ വരെ ചുവടുറപ്പിച്ച രശ്മിക മന്ദാന ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ദക്ഷിണേന്ത്യന്‍ നടിയാണ്. എന്നാല്‍ അടുത്തിടെ നടിയെ വിവാദങ്ങള്‍ വിടാതെ പിടികൂടിയിരിക്കുകയാണ്. കര്‍ണാടകയിലെ കുടക് സ്വദേശിയായ നടി താന്‍ ഹൈദരാബാദുകാരിയായി അറിയപ്പെടാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മുതലാണ് വിവാദം ആരംഭിച്ചത്. നടിക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായതിനു പിന്നാലെ ഒരു കര്‍ണാടക എംഎല്‍എയും രശ്മികയ്ക്ക് എതിരേ രംഗത്തുവന്നിരുന്നു.
രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ക്ഷണം നടി നിരസിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. എംഎല്‍എയുടെ ഭീഷണിക്കു പിന്നാലെ, നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍ രംഗത്തുവന്നു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി പരമേശ്വരയ്ക്കും കൊടവ സമൂഹം കത്തെഴുതി. കുടകിലെ തദ്ദേശ സമൂഹമായ കൊടവ സമുദായത്തിലെ അംഗമാണ് രശ്മിക.
‘കഠിനാധ്വാനത്തിലൂടെയും സ്വന്തം കഴിവിലൂടെയുമാണ് രശ്മിക മന്ദാന ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വിജയം നേടിയത്. കലാപരമായ വിമര്‍ശനത്തിന്റെ അര്‍ത്ഥം അറിയാത്ത ചിലര്‍ നടിയെ ലക്ഷ്യം വയ്ക്കുകയും അവരെ വേട്ടയാടുകയും ചെയ്യുന്നതായി കൗണ്‍സില്‍ പ്രസിഡന്റ് എന്‍യു നാച്ചപ്പ കത്തില്‍ ആരോപിച്ചു. എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണെന്ന് ആരോപിക്കുന്ന കത്തില്‍ നടിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്നും നാച്ചപ്പ കുറ്റപ്പെടുത്തുന്നു. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശവും പ്രാപ്തിയുമുള്ള വ്യക്തിയാണ് നടിയെന്നും മറ്റുള്ളവരുടെ പ്രതീക്ഷകളോ നിര്‍ദേശങ്ങളോ അനുസരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ബംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാതിരിക്കാന്‍ നടി പറഞ്ഞ കാരണങ്ങള്‍ എംഎല്‍എ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഒരു നിയമസഭാംഗം ചലച്ചിത്രോത്സവത്തിന് ക്ഷണിക്കാന്‍ 10-12 തവണ നടിയുടെ വീട് സന്ദര്‍ശിച്ചെങ്കിലും കാണാന്‍ അവര്‍ വിസമ്മതിച്ചതായി എം.എല്‍എ പറയുന്നു. എനിക്ക് ഹൈദരാബാദില്‍ വീടുണ്ട്. സമയമില്ലാത്തതിനാല്‍ എനിക്ക് വരാന്‍ കഴിയില്ല. കര്‍ണാടക എവിടെയാണെന്ന് തനിക്കറിയില്ലെന്നും നടി പറഞ്ഞതായി എംഎല്‍എ ആരോപിക്കുന്നു.
കന്നഡ സിനിമയില്‍ തുടക്കം കുറിച്ചിട്ടും കര്‍ണാടകയെയും കന്നഡ ഭാഷയെയും അവഗണിക്കുന്ന നടിയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്ന എംഎല്‍എയുടെ പ്രസ്താവനയാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇതിനു പിന്നാലെ കന്നഡ രക്ഷണ വേദികെ കണ്‍വീനര്‍ നാരായണ ഗൗഡയും രശ്മികയെ വിമര്‍ശിച്ചിരുന്നു. നടിക്കെതിരേ സൈബര്‍ ആക്രമണവും രൂക്ഷമായി.
ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍നിന്നു കന്നഡ ചലച്ചിത്ര താരങ്ങള്‍ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രശ്മികയ്ക്കു നേരെയുള്ള വിമശനം ശക്തമായത്. സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്ന ‘സിക്കന്ദര്‍’, ധനുഷ് നായകനാകുന്ന ‘കുബേര’, ആയുഷ്മാന്‍ ഖുറാന അഭിനയിക്കുന്ന ‘താമ’ എന്നിവയുള്‍പ്പെടെ രശ്മികയുടേതായി നിരവധി വമ്പന്‍ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.