KeralaNews

അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ ഉപദേശം തനിക്ക് ആവശ്യമില്ല, ഗവർണർക്കെതിരെ ആഞ്ഞടിച്ച് വി.ഡി.സതീശൻ

കൊച്ചി: പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് തിരിച്ചടിച്ച് വി ഡി സതീശൻ. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ.

ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിമർശിച്ചത്. ”പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ”, എന്നാണ് ഗവർണർ പറഞ്ഞത്.

തനിക്കില്ലാത്ത എന്ത് മേന്മയാണ് ചെന്നിത്തലയിലും ഉമ്മൻചാണ്ടിയിലും കണ്ടതെന്ന് പറയേണ്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. രമേശും ഉമ്മൻചാണ്ടിയും പറഞ്ഞാൽ താൻ കേൾക്കാം. ഗവർണർ പറഞ്ഞാൽ കേൾക്കാൻ ഉദ്ദേശ്യമില്ല – എന്ന് സതീശൻ തിരിച്ചടിക്കുന്നു.

സംഘപരിവാർ വക്താവിനെപ്പോലെ സംസാരിക്കുന്നുവെന്നാണ് സതീശൻ ആരോപിക്കുന്നത്. ‘ഗവർണർ ചെയ്യുന്നത് വിലപേശലാണ്. ഭരണഘടനാലംഘനമാണ് ഗവർണർ ചെയ്തത്. അദ്ദേഹം ഈ സ്ഥാനത്ത് ഇരിക്കാൻ തന്നെ യോഗ്യനല്ല. സർക്കാർ ഗവർണറുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. നയപ്രഖ്യാപനപ്രസംഗം വായിക്കാതിരിക്കാൻ ഗവർണർക്ക് സാധിക്കുമായിരുന്നില്ല. നയപ്രഖ്യാപനം വായിക്കുക എന്നത് ഗവർണറുടെ വായിക്കാതിരുന്നെങ്കിൽ ഗവർണർ ഇന്ന് രാജി വയ്ക്കേണ്ടി വന്നേനെ. അത് ചൂണ്ടിക്കാട്ടാനോ വ്യക്തമായി ഗവർണറോട് പറയാനോ സർക്കാരിനായില്ല.
സർക്കാരിനെ തോക്കിൻമുനയിൽ നിർത്തുകയായിരുന്നു ഗവർണർ. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ബലിയാടാക്കുകയായിരുന്നു സർക്കാർ”, സതീശൻ ആരോപിച്ചു.

”ഗവർണർ നയപ്രഖ്യാപനം വായിച്ചില്ലെങ്കിൽ രാജി വയ്ക്കണ്ട സ്ഥിതിയായിരുന്നു. അതിൽ നിന്ന് ഗവർണറെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഗവർണർ സർക്കാരിന്‍റെ തെറ്റിന് കൂട്ടുനിന്നു. ലോകായുക്തഭേദഗതി രാഷ്ട്രപതിക്ക് അയക്കണമായിരുന്നു. നിയമലംഘനം നടത്തിയപ്പോഴാണ് താൻ വിമർശിച്ചത്”, സതീശൻ പറയുന്നു.

വെള്ളിയാഴ്ച നയപ്രഖ്യാപനപ്രസംഗത്തിന് മുമ്പേ പ്രതിഷേധിച്ചതിനും ‘ആർഎസ്എസ് ഗവർണർ ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിച്ചതിനും ബാനറുകൾ ഉയർത്തിയതിനും രൂക്ഷമായ ശകാരമാണ് ഗവർണർ പ്രതിപക്ഷത്തിന് നേരെ ചൊരിഞ്ഞത്. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് നയപ്രഖ്യാപനപ്രസംഗത്തിന് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിച്ചു.

നയപ്രഖ്യാപനപ്രസംഗവിവാദവും ഒത്തുതീർപ്പുമെല്ലാം സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് സതീശൻ ഇന്നലെ ആരോപിച്ചത്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ തല വെട്ടി വെള്ളിത്താലത്തിൽ വച്ചുകൊടുത്താണ് സർക്കാർ ഒത്തുതീർപ്പിന് വഴങ്ങിയത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരത്തിൽ ഒരു പരാമർശം പൊതുഭരണസെക്രട്ടറി നിയമന ഉത്തരവിൽ എഴുതില്ല. എന്നിട്ടും ആ ഉദ്യോഗസ്ഥനെ ബലിയാടാക്കിയതെന്തിന് എന്ന് വ്യക്തമാക്കണം, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button